കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തില്‍ സര്‍വ്വകാല റെക്കോഡ്

06012015-05തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തില്‍ സര്‍വ്വകാല റെക്കോഡ്. ഇന്നലെ കെഎസ്ആര്‍ടിസിക്ക് 6.76 കോടി രൂപ കളക്ഷന്‍ ലഭിച്ചു. ജീവനക്കാര്‍ ആരംഭിച്ച ‘സേവ് കെ.എസ്.ആര്‍.ടി.സി.’ പ്രചാരണ പരിപാടിയുടെ ആദ്യ ദിനത്തിലാണ് കളക്ഷനിലെ ഈ കുതിച്ചുചാട്ടം.

ഒരാഴ്ച മുമ്പ് കഴിഞ്ഞ തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച വരുമാനം 5,85,90,255 രൂപയാണ്. എന്നാല്‍, ഇന്നലെ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം 6,76,88,545 രൂപയായി വര്‍ദ്ധിച്ചു. ഒരാഴ്ച കൊണ്ട് വരുമാനത്തില്‍ ഉണ്ടായ വര്‍ദ്ധന 90,98,290 രൂപ. ‘സേവ് കെ.എസ്.ആര്‍.ടി.സി.’ ക്യാമ്പയിനുമായി വന്ന ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പരിശ്രമഫലമാണ് ഈ വര്‍ദ്ധന. ജന്റം ബസ്സുകളുടെ സര്‍വ്വീസിലൂടെ ലഭിച്ച 30 ലക്ഷം രൂപയും ഇതിലുള്‍പ്പെടുന്നു.

കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള നടപടികള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്ത് ഡിസംബര്‍ 22ന് ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചിരുന്നു. കോര്‍പ്പറേഷനെ സംരക്ഷിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മക നടപടിയുണ്ടാവുകയാണെങ്കില്‍ തങ്ങളും പരമാവധി സഹകരിക്കാമെന്ന് ജീവനക്കാര്‍ അന്ന് ഉറപ്പുനല്‍കി. ചില നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കോര്‍പ്പറേഷനെ സംരക്ഷിക്കാന്‍ ‘സേവ് കെ.എസ്.ആര്‍.ടി.സി.’ ക്യാമ്പയിന്‍ കെ.എസ്.ആര്‍.ടി.ഇ.എ. അവതരിപ്പിച്ചു.

ഇന്നലെ ക്യാമ്പയിനിന്റെ ആദ്യ ദിനമായിരുന്നു. സിഐടിയു മാത്രമാണ് മുന്‍കൈയെടുത്തതെങ്കിലും അതിന്റെ സദുദ്ദേശ്യം കണക്കിലെടുത്ത് രാഷ്ട്രീയഭേദമന്യേ ഭൂരിഭാഗം ജീവനക്കാരും പങ്കാളികളായി. സര്‍വ്വീസുകളുടെ കാര്യത്തില്‍ മാനേജ്‌മെന്റും തൊഴിലാളികളുമായി സഹകരിച്ചു. പരമാവധി സര്‍വ്വീസുകള്‍ നടത്താനും യാത്രക്കാരെ വിളിച്ചുകയറ്റാനും ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയവരും രംഗത്തിറങ്ങി.

ക്യാമ്പയിന്‍ തുടങ്ങുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ വര്‍ക്ക്‌ഷോപ്പ് തലങ്ങളിലും നടന്നിരുന്നു. കുറച്ച് സ്‌പെയര്‍ പാര്‍ട്ട് വന്നതുപയോഗിച്ച് പരമാവധി ബസ്സുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി നിരത്തിലിറക്കി. ആകെയുള്ള 5668 സര്‍വ്വീസുകളില്‍ 4402 സര്‍വ്വീസാണ് കഴിഞ്ഞ തിങ്കളാഴ്ച ഓടിയത്. ഇന്നലെ 4552 സര്‍വ്വീസുകള്‍ നടത്തി. 150 ബസ്സുകള്‍ അധികമായി ഇറങ്ങി.

തുടര്‍ച്ചയായ അവധികള്‍ക്കു ശേഷമുള്ള പ്രവര്‍ത്തിദിനമായിരുന്നു തിങ്കളാഴ്ച എന്നുള്ളതും കെ.എസ്.ആര്‍.ടി.സിയുടെ വരുമാനവര്‍ദ്ധനയ്ക്ക് കാരണമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കോര്‍പ്പറേഷന്റെ വരുമാനം വര്‍ദ്ധിക്കാറുണ്ട്. എന്നാല്‍, ഇതിനൊപ്പം ജീവനക്കാരുടെ ആവേശവും ചേര്‍ന്നതോടെ വരുമാനം സര്‍വ്വകാല റെക്കോഡായി. ചരിത്രത്തിലാദ്യമായാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനം 6 കോടി കവിയുന്നത്.

Leave a comment