മതപരിവര്‍ത്തന വാര്‍ത്ത നിഷേധിച്ച് ആഗ്രയിലെ മുസ്‍ലിംകള്‍

noorആഗ്രയില്‍ 57 മുസ്‍ലിം കുടുംബങ്ങളെ ആര്‍എസ്എസ് കൂട്ടമതപരിവര്‍ത്തനത്തിന് വിധേയരാക്കിയത് തെറ്റിദ്ധരിപ്പിച്ചാണെന്ന് വ്യക്തമാക്കിക്കൊണ്ട് മധുനഗര്‍ ചേരി നിവാസികള്‍ തന്നെ രംഗത്ത്. ബിപിഎല്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്ന ചടങ്ങെന്ന് പറഞ്ഞാണ് പ്രദേശവാസികളെ ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുപ്പിച്ചത്.

പോഷകസംഘടനകളായ ഹിന്ദു ധര്‍മ ജാഗ്രന്‍ സമാന്‍വ വിഭാഗും ബജ്റംഗദളും ആഗ്രയിലെ മധുനഗര്‍ ചേരി നിവാസികളായ 200 ഓളം മുസ്‍ലികളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചുവെന്ന് ആര്‍എസ്എസ് അവകാശപ്പെട്ടിരുന്നു. ഇതിനെതിരായാണ് ഇപ്പോള്‍ പ്രദേശവാസികള്‍ തന്നെ രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിതാമഹന്മാരുടെ വീട്ടിലേക്ക് തിരിച്ചുവരിക എന്നര്‍ത്ഥമുള്ള ഘര്‍ വാപസി എന്ന ചടങ്ങ്  ആഗ്രയില്‍ നടന്നത്. മതപരിവര്‍ത്തനത്തിന് വിധേയരായവരില്‍ പാഴ്വസ്തുക്കള്‍ പെറുക്കിവിറ്റ് ജീവിക്കുന്ന ദേവ്രി റോഡിലെ വേദ്നഗര്‍ പ്രദേശവാസകളും ഉള്‍പ്പെടും. ദളിതരും ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും കുടിയേറിയ മുസ്‍ലീങ്ങളുമായി 300 ഓളം ദരിദ്രരാണ് ഇവിടെ താമസിക്കുന്നത്.

നിര്‍ബന്ധിച്ചോ ബലപ്രയോഗത്തിലൂടെയോ ബിപിഎല്‍ റേഷന്‍ കാര്‍ഡ് വാഗ്ദാനം ചെയ്തോ അല്ല മതപരിവര്‍ത്തനമെന്നാണ് ഇപ്പോഴും ബജ്റംഗദള്‍ പറയുന്നത്. ഡിസംബര്‍ 25 ന് അലിഗറിലും സമാന ചടങ്ങ് നടക്കുന്നുണ്ടെന്നും ബജ്റംഗദള്‍ വക്താവ് അജ്ജു ചൌഹാന്‍ പറഞ്ഞു. നടന്നത് മതപരിവര്‍ത്തനമല്ലെന്നും ജന്മഗൃഹത്തിലേക്കുള്ള തിരിച്ചുവരവാണെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇവര്‍. ”ചരിത്രത്തിലേക്കുള്ള തിരിച്ചു പോക്കാണ് നടക്കുന്നത്. നാലോ അഞ്ചോ തലമുറ മുമ്പുള്ള തലമുറ മുമ്പ് ഹിന്ദുക്കളായിരുന്നവര്‍ അവരുടെ വീടുകളിലേക്ക് തിരിച്ചു പോകുന്നു.  25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്‍ലാം മതം സ്വീകരിച്ച പ്രദേശവാസികള്‍ അവരുടെ യഥാര്‍ഥ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നുമാത്രമേയുള്ളൂ”വെന്നാണ് ബജ്റംഗളിന്‍റെ നാഷണല്‍ കണ്‍വീനര്‍ പ്രകാശ് ശര്‍മയുടെയും വാദം.

”ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ചടങ്ങാണ് അവിടെ നടന്നത് എന്ന് പോലും ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങളിപ്പോഴും മുസ്‍ലീങ്ങള്‍ തന്നെയാണ്..  ഞങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും മുസ്‍ലീമിന്റേതാണെ”ന്ന് പറയുന്നു പ്രദേശവാസിയായ നൂര്‍ മുഹമ്മദ്. ”ഭഗവാനും അള്ളാഹുവും തമ്മില്‍ എന്താണ് വ്യത്യാസം. ഞങ്ങള്‍ മുസ്‍ലീങ്ങള്‍ ഹിന്ദുമതത്തിലേക്ക് മതംമാറിയിട്ടൊന്നുമില്ല, ഇപ്പോഴും മുസ്‍ലിങ്ങള്‍ തന്നെയാണെ”ന്ന് പറയുന്നു അറുപതുകാരി സുഫിയ ബീഗം. ”മുസ്‍ലിം അധീനതയിലുള്ള പ്രദേശം കാളിദേവിയുടെ അമ്പലമുണ്ടാക്കാനായി മുസ്‍ലിംങ്ങള്‍ വിട്ടുനല്‍കിയതുകൊണ്ടാണ് ആ ചടങ്ങില്‍ മുസ്‍ലീംകള്‍ പങ്കെടുത്തതെ”ന്ന് പറയുന്നു ചടങ്ങില്‍ നിന്ന് വിട്ടുനിന്ന മുനീറ. ”ചടങ്ങില്‍ പങ്കെടുത്താല്‍ റേഷന്‍ കാര്‍ഡ് കിട്ടുമെന്ന് പറഞ്ഞതുകൊണ്ടാണ് താന്‍ പങ്കെടുത്തതെ”ന്ന് മുനീറയുടെ അയല്‍ക്കാരനായ ജഹാംഗിറും പറഞ്ഞു.

ചടങ്ങില്‍ പങ്കെടുത്തെന്ന് ആര്‍എസ്എസ് പേരെടുത്ത് പറഞ്ഞ ഇസ്മയില്‍ സിദ്ദീഖിയും ആരോപണം നിഷേധിച്ചു. ഇസ്മയില്‍ സിദ്ദീഖി, രാജ് കുമാര്‍ എന്ന പേര് സ്വീകരിച്ചെന്നും പൂജയില്‍ പങ്കെടുത്തുവെന്നുമായിരുന്നു ആര്‍എസ്എസ് പ്രചരിപ്പിച്ചത്. ”ഞങ്ങളിപ്പോഴും മുസ്‍ലിങ്ങളാണെന്നും ഒരിക്കലും ഹിന്ദുമതത്തിലേക്ക് മാറില്ലെ”ന്നും ഇസ്മയിലും പറയുന്നു.

Leave a comment