ടി ഒ സൂരജിനെ സസ്പെന്‍ഡ് ചെയ്തു…

sooraj

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ടി.ഒ.സൂരജിനെ സസ്പെന്‍ഡ് ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ ആഭ്യന്തരമന്ത്രിയുടെ കുറിപ്പോടെ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു.

സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ ഇല്ലാതാക്കാനും ശക്തനാണ് ഇദ്ദേഹമെന്നും കീഴ് ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഉടനടി സസ്പെന്‍ഷന് ശുപാര്‍ശ ചെയ്തത്. അതേസമയം ടി.ഒ സൂരജിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു. കൂടുതല്‍ വിപണിവിലയുള്ള സ്വത്തുക്കള്‍ മകന്റെ പേരിലാണെന്ന സൂരജിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണിത്.

ഒമ്പതുമണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യംചെയ്യലിനാണ് വിജിലന്‍സ് സൂരജിനെ വിധേയനാക്കിയത്. സ്വത്തുസമ്പാദനം, പണമിടപാടിന്റെ സ്രോതസ്, ബന്ധുക്ക ളുടെപേരിലുള്ള സ്വത്തുവിവരങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു വിജിലന്‍സിന്റെ ചോദ്യംചെയ്യല്‍. എന്നാല്‍ ചോദ്യംചെയ്യല്‍ സംബന്ധിച്ച ഒരു വിവരങ്ങളും വെളിപ്പെടുത്താന്‍ സൂരജ് തയാറായില്ല. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സൂരജ് മടങ്ങിയത്.

Leave a comment