ഹാഫിസ് സയിദിനെ അറസ്റ്റുചെയ്യാന്‍ കഴിയില്ല

എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ഹാഫിസ് സയിദിനെ അറസ്റ്റുചെയ്യാന്‍ കഴിയില്ല


hafiz-saeedന്യൂഡല്‍ഹി: എല്ലാവരേയും സന്തോഷിപ്പിക്കാന്‍ വേണ്ടി ഹാഫിസ് സയിദിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകനെന്ന് ഇന്ത്യ ആരോപിക്കുന്ന ജമാഅത്ത് ദുവ നേതാവ് ഹാഫിസ് സയിദിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ മതിയായ തെളിവുകള്‍ വേണമെന്ന് ബാസിത് പറഞ്ഞു.

വേദ്പ്രതാപും ഹാഫിസ് സയിദുമായുള്ള കൂടിക്കാഴ്ച വിവാദമായ പശ്ചാത്തലത്തില്‍ ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അബ്ദുള്‍ ബാസിത്.

പാക്‌ സര്‍ക്കാരിനോ ഇന്ത്യന്‍ സര്‍ക്കാരിനോ ഇരുവരുടേയും കൂടിക്കാഴ്ചയെക്കുറിച്ച് യാതൊരു മുന്നറിയിപ്പുകളും ലഭിച്ചിരുന്നില്ലെന്നും രണ്ട് വ്യക്തികള്‍ തമ്മിലുള്ള കൂടിക്കാഴ്ച എന്നതിനപ്പുറത്തേക്ക് ഇതിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും ബാസിത് പറഞ്ഞു.

അമേരിക്ക ഹാഫിസ് സയിദിനെ പിടികൂടുന്നവര്‍ക്ക് ഒരു കോടിരൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ കൃത്യമായ തെളിവില്ലാതെ തങ്ങള്‍ക്ക് ഹാഫിസ് സെയിദിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് അബ്ദുള്‍ ബാസിത് വ്യക്തമാക്കി.

ബാബാ രാംദേവിന്റെ അനുയായിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ വേദ് പ്രതാപ് വൈദിക് ജമാഅത്ത് ദുവ മേധാവി ഹാഫിസ് സഈദുമായി നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദമായിരുന്നു. വേദ് പ്രതാപ് വൈദിക് ഹാഫിസ് സഈദുമായി ഈ മാസം രണ്ടിന് ലാഹോറില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്. പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ക്ഷണപ്രകാരമാണ് വൈദിക് ഉള്‍പ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്.

Leave a comment