ദുംഗ ബ്രസീല്‍ പരിശീലകനായേക്കും

DUNGA1ലോകകപ്പില്‍ ജന്മനാട്ടില്‍ നാണംക്കെട്ട ഇരട്ട പരാജയം ഏറ്റുവാങ്ങിയ കാനറികളുടെ പുതിയ പരിശീലകനായി മുന്‍ നായകന്‍ ദുംഗ നിയമിതനായേക്കുമെന്ന് സൂചന. 2006 മുതല്‍ 2010 വരെ പരിശീലക സ്ഥാനത്തുണ്ടായ ദുംഗയെ 2010 ലോകകപ്പില്‍  നെതര്‍ലാന്‍ഡുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ പരാജയത്തിനു ശേഷം ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പുറത്താക്കുകയായിരുന്നു. 2007ലെ കോപ അമേരിക്ക, 2009 കോണ്‍ഫെഡറേഷന്‍ കപ്പ് എന്നീ ടുര്‍ണമെന്‍റുകളില്‍ ബ്രസീലിനെ വിജയത്തിലേക്ക് നയിച്ചത് ദുംഗയുടെ പരിശീലന മികവായിരുന്നു.

സെമി ഫൈനലിലെയും ലൂസേഴ്സ് ഫൈനിലിലെയും പരാജയത്തിനു ശേഷം പരിശീലകനായ സ്കൊളാരിയെ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പുറത്താക്കിയതോടെ പകരക്കാരനായുള്ള അന്വേഷണവും ആരംഭിച്ചിരുന്നു. 1994ലെ ലോകകപ്പില്‍ ബ്രസീലിനെ ജയത്തിലേക്ക് നയിച്ച നായകനായ ദുംഗക്കൊപ്പം ടീമിലുണ്ടായിരുന്ന ഗോള്‍കീപ്പര്‍ ഗില്‍മര്‍ റിനാള്‍ഡിയെ ടീമിന്‍റെ പുതിയ ജനറല്‍ മാനേജരായി ഇന്നലെ നിയമിച്ചിരുന്നു. ഇതോടെയാണ് ദുംഗയുടെ മടങ്ങിവരവിന് സാധ്യത തെളിഞ്ഞതെന്ന് ഫെഡറേഷനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

Leave a comment