ജോലി ചെയ്യാനുള്ള കുറഞ്ഞ പ്രായപരിധി പത്ത് വയസ്സ്

ബൊളീവിയയില്‍ ജോലി ചെയ്യാനുള്ള കുറഞ്ഞ പ്രായപരിധി പത്ത് വയസ്സ്


child-labour

സരജാവോ: ബൊളീവിയയില്‍ തൊഴിലെടുക്കാനുള്ള കുറഞ്ഞ പ്രായപരിധി പത്ത് വയസ്സാക്കി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു. പത്ത് വയസ്സായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം സ്വയം തൊഴില്‍ ചെയ്യാമെന്നാണ് ബൊളീവിയന്‍ നിയമം പറയുന്നത്. കൂടാതെ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ മറ്റുള്ളവരുടെ കീഴില്‍ തൊഴില്‍ ചെയ്യാമെന്നും നിയമം വ്യക്തമാക്കുന്നു.

പുതിയ നിയമം ബൊളീവിയയുടെ ദാരിദ്ര്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് അല്‍വരോ ഗാര്‍ഷ്യ പറഞ്ഞു. പുതിയ നിയമത്തിലൂടെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമെന്നാണ് ബൊളീവിയന്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ഗാര്‍ഷ്യ പറഞ്ഞു.

തെക്കേ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷയും രാജ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കൊലചെയ്താല്‍ മുപ്പത് വര്‍ഷം തടവാണ് ശിക്ഷ.

നിലവില്‍ അഞ്ച് ലക്ഷം കുട്ടികള്‍ കുടുംബം പുലര്‍ത്തുന്നതിനായി ബൊളീവിയയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് യൂണിസെഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചെരുപ്പ് വൃത്തിയാക്കല്‍ മുതല്‍ കൃഷിയിടങ്ങളിലും ഖനികളിലും വരെ ബൊളീവിയയില്‍ കുട്ടികള്‍ തൊഴിലെടുക്കുന്നുണ്ട്.

എന്നാല്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ ജോലി ചെയ്യിപ്പിക്കരുതെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്. വികസ്വര രാജ്യങ്ങളില്‍ 14 വയസ്സുള്ള കുട്ടികള്‍ക്കും തൊഴില്‍ ചെയ്യാമെന്നും സംഘടന വ്യക്തമാക്കുന്നുണ്ട്.

 

 

Leave a comment