കാണാതായ വിമാനത്തില്‍ സഹോദരനും തകര്‍ന്ന വിമാനത്തില്‍ മകളും

കാണാതായ വിമാനത്തില്‍ സഹോദരനും തകര്‍ന്ന വിമാനത്തില്‍ മകളും


3583149008_flights-18-7

കെലീന്‍ മാന്‍ വാര്‍ത്താ സമ്മേളനത്തിനിടെ

സിഡ്‌നി * കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ മലേഷ്യയുടെ എംഎച്ച് 370 എന്ന വിമാനത്തില്‍ സഹോദരനും ഭാര്യയും, യുക്രെയ്‌നില്‍ മിസൈല്‍ ഏറ്റു വീണ വിമാനത്തില്‍ മകളും ഭര്‍ത്താവും. ഓസ്‌ട്രേലിയക്കാരിയായ കെലീന്‍ മാനെയാണ് ദാരുണമായ ഈ വിധി കാത്തിരുന്നത്. കെലീന്റെ സഹോദരന്‍ റോഡ് ബുറോസും ഭാര്യ മാരി ബുറോസുമാണ് കാണാതായ മലേഷ്യന്‍ വിമാനത്തിലുണ്ടായിരുന്നതെങ്കില്‍ മകള്‍ മാരീ റിസ്‌കും ഭര്‍ത്താവ് ആല്‍ബര്‍ട്ടുമാണ് യുക്രെയ്‌നില്‍ തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍പെട്ട ഇരുവിമാനങ്ങളും മലേഷ്യന്‍ എയര്‍ലൈന്‍സിന്റേതാണെന്നതാണ് ദുഃഖകരമായ മറ്റൊരു സാമ്യം.

മാരീ റിസ്‌കും ആല്‍ബര്‍ട്ടും നാലാഴ്ചത്തെ യുറോപ്പ് സന്ദര്‍ശനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ഏജന്റും ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ക്ലബ് സണ്‍ബെറെയുടെ കമ്മിറ്റിയംഗവുമാണ് മെല്‍ബണ്‍ സ്വദേശിയായ ആല്‍ബര്‍ട്ട്. ദൈവത്തിന്റെ നിശ്ചയം ഇങ്ങനെയാണെന്നതില്‍ സമാധാനിക്കുകയാണെന്ന് കെലീന്‍ മാന്‍ സിഡ്‌നിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലേഷ്യന്‍ വിമാനക്കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്ന് കരുതുന്ന എംഎച്ച് 370 വിമാനത്തിനായി ഇരുപതോളം രാജ്യങ്ങള്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. എന്നാല്‍ യുക്രെയ്‌നില്‍ വിമാനം തകര്‍ന്നത് വിമതരുടെ ആക്രമണത്താലാണെന്നതിന് സ്ഥിരീകരണമുണ്ട്.

Leave a comment