മോദിക്ക് കുരുക്കായി ബാബാ നാഗ് നാഥ്.

അശാന്തമായൊഴുകുന്ന ഗംഗാ നദിയേയും ഹരിദ്വാറിലെ ഗംഗാസംരക്ഷണ സമരത്തേയും കുറിച്ച് ഹിമാനന്ദ് എഴുതുന്നു

ഭാഗ്യമോ ദൗര്‍ഭാഗ്യമോ എന്നു വിളിക്കാം. 1998ല്‍ വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോഴും ഗംഗയെ രക്ഷിക്കാനായി സന്യാസിമാരുടെ സമരം നടക്കുന്നുണ്ടായിരുന്നു. ആ സമരം ഇന്നും തുടരുന്നു. ആര്‍ത്തിക്കാരുടെ ആള്‍ക്കൂട്ടമായ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ സംബന്ധിച്ച് 11 കോടി ജനങ്ങളുമായി ബന്ധപെടുന്ന ഈ നദി തീര്‍ത്തും അവഗണിക്കപ്പെട്ട ഒന്നാണ്. നെഹ്‌റുകുടുംബത്തിലെ എല്ലാവരും ഗംഗാതീരവാസികളായിട്ടും രാജീവ് ഗാന്ധി കൊണ്ടുവന്ന ഗംഗാ ആക്ഷന്‍ പ്ലാന്‍ എന്ന നിര്‍ജീവ പദ്ധതി ഒഴികെ ഇവരാരും ഗംഗയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. സന്യാസിമാരുടെ സമരം കൊണ്ട് സഹികെട്ടിട്ട് പോലും 10 വര്‍ഷത്തിനിടെ മന്‍മോഹന്‍ സിംഗ്് ഗംഗാ ആക്ഷന്‍ പദ്ധതിയുടെ യോഗം വിളിച്ചത് കേവലം രണ്ട് തവണ മാത്രം. പദ്ധതിയുടെ അധ്യക്ഷനായിരുന്നു മന്‍മോഹന്‍ സിംഗെന്നും ഓര്‍ക്കണം.

ganga-1

മാതൃ സദനിലെ ശിവാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ ഗംഗയിലെ ഖനനത്തിനെതിരെ നിരന്തരമായി നടന്ന 36 ദീര്‍ഘ നിരാഹാര സമരങ്ങളെ കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ കേന്ദ്രം ഭരിച്ചപ്പോഴും, പിന്നീട് ഇവരുടെ പിന്തുണയില്ലാതെ കോണ്‍ഗ്രസ് ഭരിച്ചപ്പോഴും സമരത്തോടുള്ള അവഗണനയില്‍ മാറ്റമുണ്ടായില്ല. കോടതി ഉത്തരവുകള്‍ കൊണ്ടാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക സമരങ്ങളും ജയിച്ചത്. അദ്ദേഹത്തിന്റെ രണ്ട് ശിഷ്യന്മാരാണ് ഗംഗാ സംരക്ഷണത്തിനായി ഇതിനിടെ ജീവത്യാഗം ചെയ്യേണ്ടി വന്നത്. സ്വാമി ഗോകുലാനന്ദും സ്വാമി നിഗമാനന്ദും. രണ്ട് പേരെയും വിഷം കുത്തിവെച്ച് കൊല്ലുകയായിരുന്നു. സമരത്തിന്റെ 41 ദിവസം പോലീസ് അറസ്റ്റ് ചെയ്ത് നിര്‍ബന്ധിത ഭക്ഷണം നല്‍കവെയാണ് നിഗമാനന്ദിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്. പോലീസ് കസ്റ്റഡിയിലായിരുന്നു മരണം.

ബി ജെ പിയുടെ ദൗര്‍ഭാഗ്യം എന്നു പറയാം. ഉത്തരാഖണ്ഡ് ഭരിച്ചിരുന്നത് അന്ന് ബിജെപി സര്‍ക്കാരായിരുന്നു. അവിടെയും തീരുന്നില്ല. രണ്ട് കൊലപാതകങ്ങളിലും പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഹിമാലയന്‍ ക്രഷര്‍ യൂണിറ്റിന്റെ ഉടമയും അറിയപ്പെടുന്ന ആര്‍എസ്എസുകാരനുമാണ്. കോണ്‍ഗ്രസ്സുകാരും കമ്മ്യുണിസ്റ്റുകളും ബിജെപിക്കാരുമൊക്കെ അധികാരത്തില്‍ വന്നാല്‍ പ്രകൃതിയെ കൊന്നൊടുക്കുന്നതിനു കൂട്ടുനില്‍ക്കുന്ന കാര്യത്തിലും, ന്യായമായ സമരങ്ങളെ തന്ത്രപൂര്‍വ്വം അടിച്ചൊതുക്കുന്ന കാര്യത്തിലും പക്കാ ക്രിമിനലുകള്‍ തന്നെയാണ് എന്നതാണ് നമ്മുടെ രാജ്യത്തിന്റെ ശാപം. സമരം ഈ രാജ്യത്തെ രക്ഷിക്കാനാണെന്നല്ല അവര്‍ കരുതുക. തങ്ങള്‍ കൊണ്ടുവരുന്ന വ്യാജ വികസനത്തെ തകര്‍ക്കാനും തങ്ങളുടെ പോക്കറ്റിലേക്ക് ആരുമറിയാതെ മറിയേണ്ട തുക തടയാനും വരുന്നവരെ തല്ലിയൊതുക്കാനും, പറ്റിയാല്‍ ഇല്ലായ്മ ചെയ്യാനും എല്ലാ രാഷ്ട്രീയക്കാരും ഒറ്റക്കൈയ്യാണ്.

ganga-2

നാഗ് നാഥ് ബാബയുടെ കാര്യം തന്നെ എടുക്കാം. 2007 മുതല്‍ ആരംഭിച്ച സമരമാണ്. സമരം ഗംഗയുടെ അവിരളതയ്ക്ക് വേണ്ടിയായിരുന്നു. ഗംഗയെ മാലിന്യമുക്തമാക്കാന്‍ 4000 കോടി രൂപ അനുവദിക്കേണ്ട ആവശ്യമില്ല. പകരം ഗംഗയിലൂടെ ഗംഗാ ജലം തന്നെ ഒഴുക്കി വിട്ടാല്‍ മതി. ഹരിദ്വാറിലെത്തിയാല്‍ ഇപ്പോള്‍ ഗംഗയിലെ മുഖ്യധാരയിലൂടെ ഒഴുകുന്നത് നദിയുടെ അഞ്ച് ശതമാനം ജലം മാത്രമാണ്. അത് മാറ്റി, കെട്ടിത്തടഞ്ഞ് വെച്ചതും വഴിമാറ്റി ഒഴുക്കുന്നതുമായ ജലം 50 ശതമാനം ഗംഗയിലേക്ക് തിരിച്ചു വിട്ടാല്‍ തന്നെ ഗംഗ പകുതി ശുദ്ധമാവും. നാഗ് നാഥ് ബാബയുടെ പ്രധാന ആവശ്യം ഗംഗയുടെ ഒഴുക്കു തടയുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിയണം എന്നായിരുന്നു. നിരന്തരം സര്‍ക്കാരിന് അദ്ദേഹം കത്തെഴുതിക്കൊണ്ടിരുന്നു. 2013 ജൂലൈയില്‍ ബാബ രാംദേവും മുരളിമനോഹര്‍ ജോഷിയുമടങ്ങുന്ന സംഘം നല്‍കിയ ഉറപ്പിന്മേല്‍ പ്രത്യക്ഷ സമരം അദ്ദേഹം അവസാനിപ്പിച്ചു. അപ്പോഴും ഗംഗാ ജലവും കൂവളത്തിലയും മാത്രമായിരുന്നു ഭക്ഷണം.

കാത്ത് കാത്തിരുന്ന മോദി സര്‍ക്കാര്‍ എത്തിയതും പ്രഖ്യാപിച്ച പദ്ധതികളുടെ പെരുക്കവും നാഗ് നാഥ് ബാബയുടെ സ്വപ്‌നങ്ങളെ (ഞങ്ങളുടെയൊക്കെ) പൂര്‍ണ്ണമായും തകര്‍ക്കുന്നതായിരുന്നു. ഉത്തരാഖണ്ഡ് പ്രളയത്തിന് ശേഷം ഡാമുകളെ ക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച താല്‍ക്കാലിക സമിതി 24 ഡാമുകളില്‍ 23ഉം പരിസ്ഥിതിക്ക് കോട്ടം തട്ടിക്കുന്നതും പാടില്ലാത്തതുമാണെന്ന് പറഞ്ഞിരുന്നു. അതിനു ശേഷം വന്ന പുതിയ ശാസ്ത്രീയ സംഘം താല്‍ക്കാലിക സമിതിയുടെ കണ്ടെത്തല്‍ തള്ളിക്കളഞ്ഞു. തകര്‍ന്നു പോയ സ്വകാര്യ ഡാമുകളൊക്കെ പൂര്‍വ്വാധികം ശക്തിയായി പണിയുവാന്‍ തുടങ്ങിയിരിക്കുന്നു. ഡാമുകളുടെ പണിക്ക് പണം കൊടുക്കാന്‍ ലോകബാങ്ക് സംഘം സന്ദര്‍ശനം നടത്തികഴിഞ്ഞു.

baba-nag-nadhസത്യത്തില്‍ നാഗ് നാഥിന്റെ മരണം മറ്റൊരു തരത്തില്‍ പരിശോധിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ തീരുമാനങ്ങളറിഞ്ഞ് പരിഭ്രാന്തനായ അദ്ദേഹം ഗംഗയ്ക്കായി തന്റെ ജീവന്‍ ബലിയര്‍പ്പിക്കുമെന്ന് പറഞ്ഞ ആദ്യ തീരുമാനം ഉറച്ചതാണെന്ന് അടുത്ത അനുയായിയായികളെ അറിയിച്ചിരുന്നു. അവിരള ഗംഗ സമര സമിതിയുടെ നേതൃത്വത്തില്‍ ലേഖകനടക്കം പങ്കെടുത്ത സമരങ്ങള്‍ക്കെതിരായി സര്‍ക്കാര്‍ മാഫിയകളെയും ഗുണ്ടകളെയും കൂട്ടി ഉയര്‍ത്തുന്ന എതിര്‍ പ്രചരണം ഈ സന്യാസിമാര്‍ വികസന വിരുദ്ധരാണെന്നാണ്. ഡാമുകള്‍ രാജ്യത്തിന്റെ വികസനവും വൈദ്യതി ലഭ്യതയും വര്‍ദ്ധിപ്പിക്കുമെന്നും രാജ്യവികസനത്തെ എതിര്‍ക്കുന്നവരാണ് ഈ സന്യാസിമാര്‍ എന്നുമാണ് മാഫിയ-സര്‍ക്കാര്‍ അവിശുദ്ധ സഖ്യം പറയുന്ന പ്രധാന ആരോപണം. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഹിമാലയത്തില്‍ ഒരു പക്ഷി പറന്നിരുന്നാല്‍ മലയിടിഞ്ഞുപോകുന്ന ഉറപ്പുമാത്രമുള്ള പര്‍വ്വതത്തില്‍ ആണ് ഇക്കാണായ ഡാമുകളൊക്കെ നിര്‍മ്മിച്ചുകൂട്ടുന്നത്.

Leave a comment