മനോരമയ്ക്ക് മാത്രമല്ല, പല മാധ്യമങ്ങള്‍ക്കും കത്തെഴുതിയിട്ടുണ്ട് -എം. സ്വരാജ്

swaraj1കൊച്ചി: മലയാള മനോരമക്ക് മാത്രമല്ല പല മാധ്യമങ്ങള്‍ക്കും താന്‍ കത്തയച്ചിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ഫേസ്ബുക്ക് പോസ്റ്റിലാണ് സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനാ വാര്‍ത്തകള്‍ തമസ്‌കരിക്കുകയാണെന്ന് കാണിച്ച് സ്വരാജ് മനോരമ മുഖ്യ പത്രാധിപര്‍ മാമ്മന്‍ മാത്യുവിന് കത്തയച്ചിരുന്നു. ഇന്ത്യാവിഷന്‍ വെബ്‌സൈറ്റ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് സ്വരാജ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യാവിഷന്റേത് തരംതാഴ്ന്ന പ്രചാരണമാണെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍മാത്രം അമ്പതുലക്ഷത്തോളം അംഗങ്ങളുള്ള ഡി.വൈ.എഫ്.ഐയില്‍ ആരും ഇതുവരെ മാധ്യമ പരിഗണനയ്ക്കുവേണ്ടി ഒരു മാധ്യമ സ്ഥാപനത്തിന്റെയും മുന്നില്‍ ക്യൂ നിന്നിട്ടില്ലെന്നും സ്വരാജ് പറഞ്ഞു.

സ്വരാജിന്റെ പ്രതികരണത്തിന്റെ പൂര്‍ണ രൂപം:

ഡി.വൈ.എഫ്.ഐ മനോരമ പത്രാധിപര്‍ക്ക് കത്ത് അയച്ചത് സംബന്ധിച്ച് ഇന്ത്യാവിഷന്‍ നടത്തുന്നത് തരംതാഴ്ന്നതും ഹീനവുമായ പ്രചാരണമാണ്. ഇന്ത്യാവിഷന്‍ ഓണ്‍ലൈനിലെ പ്രസ്തുത വാര്‍ത്ത വായിച്ചാല്‍ തോന്നുക ഡി.വൈ.എഫ്.ഐയെ പരിഗണിക്കണമെന്ന് യാചിച്ചുകൊണ്ട് മനോരമ പത്രാധിപര്‍ക്ക് സംഘടന കത്ത് അയച്ചുവെന്നാണ്. മനോരമ പത്രാധിപര്‍ക്കുള്ള കത്തിനെ ഒരു അപൂര്‍വ്വസംഭവം എന്ന മട്ടിലാണ് നിറംപിടിപ്പിച്ച വാര്‍ത്ത അവതരിപ്പിക്കുന്നത്.

ഇന്ത്യാവിഷന്‍ ഉള്‍പ്പെടെയുള്ള ചാനലുകളുടെയും പ്രമുഖ ദിനപത്രങ്ങളുടെയും വലതുപക്ഷ രാഷ്ട്രീയ ചായ്‌വ് ഇന്നൊരു രഹസ്യമല്ല. വാര്‍ത്ത തമസ്‌കരണം ഡി.വൈ.എഫ്.ഐക്ക് പുതിയ അനുഭവവുമല്ല. ഏതെങ്കിലും മാധ്യമസ്ഥാപനത്തിന്റെ മുന്നില്‍ പരിഗണനയ്ക്കായി അപേക്ഷകൊടുക്കുന്ന സംഘടനയാണ് ഡി.വൈ.എഫ്.ഐ എന്ന് ശത്രുക്കള്‍പോലും പറയില്ല.

മാധ്യമങ്ങളുടെ രാഷ്ട്രീയം തുറന്നുകാണിക്കുക എന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനങ്ങളുടെ ഭാഗവുമാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒത്തുപിടിച്ചിട്ടും ഇതുവരെ ഡി.വൈ.എഫ്.ഐക്ക് ഒരു പോറല്‍പോലും ഏറ്റിട്ടില്ലെന്ന് ഇന്ത്യാവിഷന്‍ ഓര്‍ക്കണം. കേരളത്തില്‍മാത്രം അമ്പതുലക്ഷത്തോളം അംഗങ്ങളുള്ള ഡി.വൈ.എഫ്.ഐയില്‍ ആരും ഇതുവരെ മാധ്യമ പരിഗണനയ്ക്കുവേണ്ടി ഒരു മാധ്യമ സ്ഥാപനത്തിന്റെയും മുന്നില്‍ ക്യൂ നിന്നിട്ടില്ലായെന്നുള്ള കാര്യമെങ്കിലും ഇന്ത്യാവിഷന്‍ ഓര്‍ക്കണമായിരുന്നു.

മാധ്യമങ്ങളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞുകൊണ്ടുള്ള പരസ്യനിലപാട് സ്വീകരിക്കുന്ന സംഘടനയ്ക്ക് ഇക്കാര്യത്തില്‍ ഒരു രഹസ്യ സമീപനവുമില്ല. മാധ്യമവിമര്‍ശനം തുടരുമ്പോഴും ഒരു മാധ്യമത്തോടും ശത്രുതാമനോഭാവം ഡി.വൈ.എഫ്.ഐ പുലര്‍ത്താറുമില്ല. മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടിയാണ് എക്കാലവും സംഘടന നിലകൊണ്ടിട്ടുള്ളത്.

ഡി.വൈ.എഫ്.ഐ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ലാത്തതുകൊണ്ടും സമൂഹത്തില്‍ ഗണ്യമായ വിഭാഗം ആളുകള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനത്തെക്കുറിച്ചറിയാന്‍ തല്‍പരരായതുകൊണ്ടും എല്ലാ പ്രവര്‍ത്തനങ്ങളും പരസ്യപ്പെടുത്താറുണ്ട്. വിവിധ വിഷയങ്ങളില്‍ ഡി.വൈ.എഫ്.ഐയുടെ നിലപാട് അറിയാന്‍ ആഗ്രഹിക്കുന്ന ജനസാമാന്യം മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. ഇക്കാരണത്താല്‍ തന്നെയാണ് ഡി.വൈ.എഫ്.ഐ നിലപാടുകളും പരിപാടികളുമൊക്കെ ബഹുജനങ്ങളെ അറിയിക്കാന്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നത്. ഡി.വൈ.എഫ്.ഐയോട് യോജിപ്പില്ലാത്ത മാധ്യമങ്ങളും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

ഡി.വൈ.എഫ്.ഐയെ സംബന്ധിച്ച അടിസ്ഥാനരഹിതമായ വാര്‍ത്തകളെയും, വാര്‍ത്താ തമസ്‌കരണത്തേയും മിക്കപ്പോഴും അവഗണിക്കുന്ന സമീപനമാണ് സംഘടന സ്വീകരിക്കാറ്. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ മാധ്യമസ്ഥാപനങ്ങളുമായി രേഖാമൂലം ഡി.വൈ.എഫ്.ഐ ആശയവിനിമയം നടത്താറുണ്ട്. ഇത് പരാതിയോ അപേക്ഷയോ അല്ല. അതിലൊരു പുതുമയുമില്ല. മുമ്പും കേരളത്തിലെ മാധ്യമസ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇന്ത്യാവിഷന്‍ വാര്‍ത്തയിലെ കത്തിലും ഏതെങ്കിലും തരത്തിലുള്ള പരിഗണനാ അപേക്ഷയല്ല ഉള്ളത്. വാര്‍ത്തകള്‍ വരാത്തത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ലെന്നുള്ള ഓര്‍മ്മപ്പെടുത്തലും ഡി.വൈ.എഫ്.ഐ വാര്‍ത്തകള്‍ കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നുമുള്ള ആവശ്യവും അടങ്ങുന്നതാണ് കത്ത്. ഇന്ത്യാവിഷന്‍ പറയുന്നതുപോലെ നൈറ്റ് അസംബ്ലിക്ക് മുന്നോടിയായല്ല കത്തയച്ചത്. മാസങ്ങള്‍ക്ക് മുമ്പാണത്. എവിടെനിന്നോ കിട്ടിയ തുമ്പുമായി വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന ഇന്ത്യാവിഷനോട് സഹതപിക്കാനേ കഴിയൂ. മനോരമ പത്രാധിപര്‍ മാന്യമായ മറുപടിയും ഡി.വൈ.എഫ്.ഐയ്ക്ക് നല്‍കുകയുണ്ടായി. ഒരുപക്ഷേ ഭാവിയിലും ഇത്തരം ആശയവിനിമയങ്ങള്‍ തുടരും. ഇതിനുമുമ്പും മനോരമയുടെ ഇതേ പത്രാധിപരുമായി ഡി.വൈ.എഫ്.ഐ കത്തിടപാടുകള്‍ നടത്തിയിട്ടുള്ള കാര്യം ഇന്ത്യാവിഷന്‍ അറിയാതെ പോയതായിരിക്കും. ഇതൊക്കെ മനോരമയ്ക്ക് മാത്രമല്ല ബാധകം. മാതൃഭൂമി പത്രാധിപര്‍ക്കും ഇതേ വിഷയത്തില്‍ ഡി.വൈ.എഫ്.ഐ കത്തയച്ചിരുന്നു. വാര്‍ത്താ ദാരിദ്ര്യമുള്ള ചാനലിന് വേണമെങ്കില്‍ അതും ഒരു വാര്‍ത്തയാക്കാവുന്നതാണ്.

ഭാവിയിലും വിവിധ വിഷയങ്ങളില്‍ സംഘടനാനിലപാടുകള്‍ അറിയിച്ചുകൊണ്ടും വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയും ഇത്തരം ആശയവിനിമയങ്ങള്‍ ഡി.വൈ.എഫ്.ഐ നടത്തും. അതിനൊക്കെ ഇന്ത്യാവിഷന്റെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്ന് സംഘടന തീരുമാനിച്ചിട്ടില്ല. മനോരമ, മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ പ്രധാന പത്രങ്ങളുമായെല്ലാം ഇതുപോലെ ഡി.വൈ.എഫ്.ഐ ആശയവിനിമയം നടത്താറുണ്ട്. ചാനല്‍ മുതലാളിയുടെ മന്ത്രിപ്പണിയുടെ ബലത്തില്‍ കരാറുകാര്‍ക്ക് വണ്ടിചെക്ക് നല്‍കി പണംതട്ടിച്ചുണ്ടാക്കിയ ചാനലിന് പിടിച്ചുനില്‍ക്കാന്‍ ഇത്തരം ഹീനപ്രചരണങ്ങള്‍ മാത്രമെ വഴിയുള്ളൂ എന്നാണെങ്കില്‍ ഇന്ത്യാവിഷന് എല്ലാ ആശംസകളും നേരുന്നു.

Leave a comment