പോലീസിന്റെ ധീരകൃത്യം

Kerala Police

തൃശൂര്‍ കോര്‍പ്പറേഷന്‍ പരിസരത്ത് കടത്തിണ്ണയില്‍ കിടന്നുറങ്ങുന്നവരുടെ സാധനങ്ങളെല്ലാം തീയ്യിട്ടു നശിപ്പിക്കുന്ന പോലീസിന്റെ ധീരകൃത്യം നോക്കുക.

പോകുവാന്‍ സ്വന്തമായി ഒരുമുറിയൊന്നും ഇല്ലാത്തതുകൊണ്ടാണ് ഈ മഴക്കാലത്തും തണുപ്പും കൊതുകടിയും സഹിച്ച് മനുഷ്യര്‍ കടവരാന്തയില്‍ കിടന്നുറങ്ങുന്നതെന്ന് ആര്‍ക്കും അറിയാത്ത കാര്യങ്ങളല്ല. പക്ഷേ, സ്വന്തമായി ഒരു മുറിയെങ്കിലും ഇല്ലാതിരിക്കുന്നത് കുറ്റകൃത്യമാണെന്ന് മാത്രം നാടോടികള്‍ക്കറിയില്ലല്ലോ. അതുകൊണ്ടാണല്ലോ അവരുടെ ഭാണ്ഡക്കെട്ടുകളെല്ലാം പോലീസ് കൂട്ടിയിട്ട് കത്തിക്കുന്നത്.

നീതിയുടെയും നിയമത്തിന്റെയുമൊക്കെ കാര്യം വിടുക, നാടോടികളും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളും ഭിക്ഷാടകരെയുമെല്ലാം നിയമത്തിനും നീതിയ്ക്കും പുറത്തുനില്‍ക്കുന്നവരാണല്ലോ! പക്ഷേ, മറ്റു മനുഷ്യരുടെ വികാരങ്ങള്‍ക്ക് ഇത്തിരിയെങ്കിലും പരിഗണന നല്‍കുന്ന ആര്‍ക്കാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യാനാവുക? എല്ലാ മനുഷ്യര്‍ക്കും അവരുടെ സ്വകാര്യ വസ്തുക്കള്‍, അതെത്ര നിസ്സാരമായതായാലും വിലപ്പെട്ടതല്ലേ? അവരുടെ പ്രിയപ്പെട്ടവരുടെതായ എന്തെങ്കിലും അവര്‍ ഭാണ്ഡക്കെട്ടുകളില്‍ സൂക്ഷിക്കുന്നുണ്ടാവില്ലേ?

കടത്തിണ്ണയില്‍ കിടന്നുറങ്ങേണ്ടിവരുന്നവര്‍ക്ക് രാത്രി മാത്രമെങ്കിലും കിടന്നുറങ്ങാനായി ഒരു നൈറ്റ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കല്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ വിചാരിച്ചാല്‍ സാധിക്കുന്ന നിസ്സാര കാര്യമാണ്. നിസ്സാര കാര്യങ്ങളായതുകൊണ്ടാണല്ലോ അങ്ങനെയൊന്ന് സംഭവിക്കാതിരിക്കുന്നതും. ഈ ഫോട്ടോ കണ്ട് പോലീസ് സ്‌റ്റേഷനിലേക്ക് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞ കാരണം നാടോടികള്‍ കടത്തിണകള്‍ മലിനമാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നായിരുന്നു. ഭാണ്ഡക്കെട്ടുകളെല്ലാം കത്തിച്ച്, കടത്തിണകളില്‍നിന്ന് തുരത്തിയാലും അവരെവിടെ പോകാന്‍? അത് തങ്ങള്‍ക്കറിയില്ലെന്ന് പോലീസ്. കോര്‍പ്പറേഷനും അതറിയില്ല. ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ മാത്രം ഇവരൊന്നും സംഘടിതരല്ലെന്നും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരാണെന്നും എല്ലാവര്‍ക്കും ഉറപ്പുള്ള കാര്യമാണ്. പിന്നെന്ത്? ആര് ചോദിക്കാന്‍.

Leave a comment