കേരളത്തിന് എയിംസ് ഉറപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

harshawardenന്യൂഡല്‍ഹി: കേരളത്തിന് എയിംസ് ഉറപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. എല്ലാ മലയാളികള്‍ക്കും സൗകര്യപ്രദമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കും. കേരളത്തിന്റെ ശുപാര്‍ശയില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്നും ഇതിനായുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായും ഹര്‍ഷവര്‍ദ്ധന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റില്‍ എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചിരുന്നില്ല. ബംഗാള്‍, ആന്ധ്ര, വിധര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവടങ്ങളിലാണ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ആദ്യ ബജറ്റില്‍ എയിംസ് ആശുപത്രി പ്രഖ്യാപിച്ചത്.

ഏറെക്കാലമായുള്ള കേരളത്തിന്റെ ആവശ്യം പരിഗണിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ഘട്ടം ഘട്ടമായി മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് കൊണ്ടുവരുമെന്നായിരുന്ന ജെയ്റ്റ്‌ലി ബജറ്റ് പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ മറ്റൊരു ആവശ്യമായ ഐഐടി ബജറ്റില്‍ അനുവദിച്ചിരുന്നു.

Leave a comment