10 കോടി വാഗ്ദാനം ചെയ്തതായി സരിത

മുഖ്യമന്ത്രിയെ കുരുക്കാന്‍ സിപിഎം 10 കോടി വാഗ്ദാനം ചെയ്തതായി സരിത.


image


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി സരിത എസ് നായര്‍. പിസി ജോര്‍ജ് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌ തന്നെ ഉപയോഗിക്കാന്‍ ശ്രമിച്ചതായും സരിത നായരുടെ വെളിപ്പെടുത്തല്‍. ഇന്ന് പുറത്തിങ്ങുന്ന ഇന്ത്യ ടുഡേ വാരികയിലെ അഭിമുഖത്തിലാണ് സരിതയുടെ വെളിപ്പെടുത്തല്‍. തെരഞ്ഞടുപ്പിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടുമെന്നും സരിത പറയുന്നു.

2014 മാര്‍ച്ച് 27 ന് ഇന്ത്യ ടുഡേയുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തിലാണ് രാഷ്ട്രീയ രംഗത്ത് വിവാദമായേക്കാവുന്ന വെളിപ്പെടുത്തലുള്ളത്, മുഖ്യമന്ത്രിയെ കുടുക്കാന്‍ സിപിഎം നേതാക്കള്‍ തന്നെ സമീപിച്ചെന്നാണ് അഭിമുഖത്തില്‍ സരിത പറയുന്നത്. സോളാര്‍ കേസില്‍ നിന്ന് തന്നെ ഒ‍ഴിവാക്കി തരാമെന്നും പത്ത് കോടി രൂപയും വീടും നല്‍കാമെന്ന് നേതാക്കള്‍ വാഗ്ദാനം ചെയ്തതായും അഭിമുഖത്തില്‍ പറയുന്നു.

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും യുഡിഎഫ് നേതൃത്വത്തെയും വെട്ടിലാക്കി നിരവധി പ്രസ്താവനകളും ഇടപെടലുകളും നടത്തിയ ചീഫ് വിപ്പ് പിസി ജോര്‍ജിനെതിരെയുള്ള ആരോപണങ്ങളാണ് തുടര്‍ന്നുള്ളത്. പിസി ജോര്‍ജ് രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കാന്‍ തന്നെ ഉപയോഗിച്ചെന്ന് സരിത പറയുന്നു. കെബി ഗണേഷ് കുമാറുമായുള്ള രാഷ്ട്രീയ വിഷയത്തില്‍ തന്നെ കരുവാക്കുകയായിരുന്നു. തനിക്ക്‌ ചില കാര്യങ്ങള്‍ പകരം ചെയ്ത് തരാമെന്ന് പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഇതിന് താന്‍ വ‍ഴങ്ങിയില്ല. തന്നെ ജയിലില്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും സരിത പറയുന്നു. പിസി ജോര്‍ജ് അട്ടക്കുളങ്ങരയിലെ ജയിലെത്തി തന്നെ കാണാന്‍ ശ്രമിച്ചെന്നും സരിത പറയുന്നു. അതേ സമയം സരിതയുടെ ആരോപണങ്ങള്‍ നിക്ഷേധിച്ചുകൊണ്ടുള്ള പിസി ജോര്‍ജിന്‍റെ പ്രസ്താവനയും അഭിമുഖത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സരിത അഭിമുഖത്തില്‍ പറയുന്ന മറ്റ് കാര്യങ്ങള്‍ ഇവയാണ്. മഖ്യമന്ത്രിയുടെ സഹായി കരുവിളയ്ക്ക്‌ സോളാര്‍ ബിസിനസുമായി ബന്ധമുണ്ട്. ബിസിനസുമായി ബന്ധപ്പെട്ട തന്നെ പല തവണ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞത് സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍ താനിത് നിഷേധിച്ചു. അബ്ദുല്ലക്കുട്ടിയെക്കൊണ്ട് മാപ്പ് പറയിക്കുകയായിരുന്നു ലക്ഷ്യം. രാഷ്ട്രീയമായ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ല. കെസി വേണുഗോപാലുമായോ ഗണേശ് കുമാറുമായോ തനിക്ക്‌ വ‍ഴിവിട്ട ബന്ധമില്ല. മറ്റാരും സഹായിക്കാനില്ലാത്തപ്പോള്‍ ബാലകൃഷ്ണപിള്ള സാഹായിച്ചു. സാമ്പത്തികമായി നേട്ടം വെച്ചല്ല മറിച്ച് മാനുഷിക പരിഗണന വച്ചാണ് അഡ്വക്കേറ്റ് ഫെന്നി ബാലകൃഷ്ണന്‍ തനിക്കൊപ്പം നില്‍ക്കുന്നതെന്നും സരിത പറയുന്നു. ജയില്‍ മോചിതയായതിന് ശേഷം മാധ്യമങ്ങളിലുടെ നിവരധി വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത നായര്‍ സിപിഎമ്മിനെയും പിസി ജോര്‍ജിനെയും പേരെടുത്ത് പറഞ്ഞ് ആരോപണങ്ങള്‍ ഉന്നയിക്കന്നത് ഇതാദ്യമാണ്.


News Obtained From: Media One TV 


 

Leave a comment