ഹൈക്കോടതിയുടെ അസാധാരണ വിധി

സൂര്യനെല്ലി: പെണ്‍കുട്ടിക്കെതിരായ മുന്‍ വിധി റദ്ദാക്കി ഹൈക്കോടതിയുടെ അസാധാരണ വിധി


image (1)


കൊച്ചി: സൂര്യനെല്ലി കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട മുന്‍ വിധി റദ്ദാക്കി ഹൈക്കോടതിയുടെ അസാധാരണ വിധി. സുപ്രീം കോടതിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ മാസങ്ങള്‍ നീണ്ട വിചാരണയ്ക്കു ശേഷമാണ് മുഖ്യപ്രതി ധര്‍മ്മരാജന്റെ ജീവപര്യന്തം ശിക്ഷ ശരി വെക്കുകയും 23 പ്രതികള്‍ക്ക് മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും പിഴ ശിക്ഷയും വിധിക്കുകയും ചെയ്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം വരെ തടവു ശിക്ഷ അനുഭവിക്കണം. മുഖ്യ പ്രതികള്‍ക്കെല്ലാം 10 വര്‍ഷം കഠിന തടവും പിഴയും വിധിച്ചിട്ടുണ്ട്. ഏഴ് പ്രതികളെ കോടതി വെറുതെ വിട്ടു.

പെണ്‍കുട്ടിയുടെ മൊഴി വിശ്വസനീയമാണെന്നും കൂട്ട ബലാല്‍സംഗത്തിന് തെളിവുണ്ടെന്നും ജസ്റ്റിസുമാരായ കെ.ടി ശങ്കരനും ജോസഫ് ഫ്രാന്‍സിസും അടങ്ങിയ ഡിവിഷന്‍ ബെഞ്ച്  വ്യക്തമാക്കി. ബാലവേശ്യാവൃത്തിയാണ് നടന്നതെന്ന ജസ്റ്റിസ് ബസന്തിന്റെ മുന്‍ വിധി തള്ളിക്കളഞ്ഞാണ് അതേ ഹൈക്കോടതിയുടെ തന്നെ പുതിയ വിധി വന്നത്. പെണ്‍കുട്ടിക്ക് രക്ഷപ്പെടാമായിരുന്നുവെന്നും ബാല വേശ്യാവൃത്തി നടത്തുകയായിരുന്നു പെണ്‍കുട്ടി എന്നുമുള്ള നിരീക്ഷണങ്ങള്‍ നടത്തിയാണ് പ്രതികളെ മുഴുവന്‍ ജസ്റ്റിസ് ബസന്ത് വെറുതെ വിട്ടിരുന്നത്. ഈ പരാമര്‍ശങ്ങളെല്ലാം തള്ളിക്കളയുന്നതാണ് പുതിയ വിധി. 500ലേറെ പേജു വരുന്ന പെണ്‍കുട്ടിയുടെ മൊഴി പൂര്‍ണ്ണമായും വിശ്വസനീയമാണെന്ന് പുതിയ വിധി വ്യക്തമാക്കുന്നു. 16 വയസ്സു മാത്രമുള്ള പെണ്‍കുട്ടിക്ക് ഇത്തരമൊരു സാഹചര്യത്തില്‍ പക്വമായി പെരുമാറാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടി ബാലവേശ്യാവൃത്തി ചെയ്യുകയായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ സമ്മതത്തോടെയല്ല ഇതൊന്നും നടന്നത്. കൂട്ട ബലാല്‍സംഗം നടന്നതിന് തെളിവുകള്‍ ഉണ്ടെന്നും കോടതി വ്യക്തമാക്കി.

കോട്ടയത്തെ പ്രത്യേക കോടതിയുടെ വിധിയെ ഭാഗികമായി അംഗീകരിക്കുന്നതാണ് പുതിയ വിധി. കീഴ് കോടതി വിധി തള്ളുകയും പെണ്‍കുട്ടിക്കെതിരെ രൂക്ഷമായ പരാമര്‍ശം നടത്തുകയും ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍ വിധിയെ റദ്ദാക്കുന്നതാണ് പുതിയ വിധി. ഞെട്ടിക്കുന്നതാണ് നേരത്തെ ഹൈക്കോടതിയില്‍നിന്നുണ്ടായ വിധിയെന്ന് കണ്ടെത്തി സുപ്രീം കോടതി ഹൈക്കോടതിക്കു തന്നെ തിരിച്ചയച്ചതിനെ തുടര്‍ന്നാണ് പുതിയ വിചാരണയ്ക്കും വിധിപ്രസ്താവനയ്ക്കും കളമൊരുങ്ങിയത്.

1996ല്‍ നടന്ന സംഭവത്തിലാണ് 18 വര്‍ഷത്തിനു ശേഷം ഇരയ്ക്ക് നീതി ലഭിക്കുന്നവിധി വന്നത്. എതിരായ കോടതി വിധികള്‍ക്കു ശേഷം നീണ്ട കാലം അപമാനം സഹിച്ച് കഴിയുകയും സ്വന്തം നാടും വീടും ഉപേക്ഷിച്ച് പോരേണ്ടി വരികയും ചെയ്ത പെണ്‍കുട്ടിയും കുടുംബവും നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിനു ശേഷമാണ് ഇപ്പോഴത്തെ ഈ വിധി വന്നത്. പെണ്‍കുട്ടിയെ ഈയിടെ കള്ളക്കേസില്‍ കുടുക്കി ജോലി കളയാന്‍ ശ്രമിക്കുകയും കുടുംബത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവമടക്കം പുറത്തു വന്നിരുന്നു. ഇതിനിടെയാണ് കുട്ടിക്ക് അനുകൂലമായ വിധി ഉണ്ടായത്.

വിധി സന്തോഷം പകരുന്നതാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുന്‍ വിധി തിരുത്തപ്പെട്ടത് ഏറെ ആശ്വാസകരമാണെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക അഡ്വ. അനില ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


News Obtained From: Asianet News


Leave a comment