അര്‍ഹന്‍ നീ തന്നെ.

ആ റണ്ണിന് അര്‍ഹന്‍ നീ തന്നെ.


image


മിര്‍പൂര്‍: സിക്സറടിച്ച് വിജയമാഘോഷിക്കുന്ന പതിവ് വെള്ളിയാഴ്ച ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി മാറ്റിവച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയത്തിലേക്ക് ഒരു റണ്ണകലം മാത്രമുള്ളപ്പോള്‍ ലഭിച്ച റണ്ണവസരവും. വിജയത്തിലേക്ക് വിയര്‍പ്പൊഴുക്കി ബാറ്റുവീശിയ വിരാട് കൊഹ്‌ലിക്കുവേണ്ടിയായിരുന്നു വിജയത്തിനരികെനിന്നുള്ള ധോണിയുടെ വഴിമാറി നടത്തം.

പത്തൊമ്പതാം ഓവറിന്റെ അവസാന പന്ത് ധോണി നേരിടുമ്പോള്‍ ജയത്തിലേക്ക് ഒരു റണ്‍ മാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ഹെന്‍ഡ്രിക്സിന്റെ പന്തില്‍ അനായാസം റണ്ണെടുക്കമായിരുന്നിട്ടും ധോണി അതിന് തുനിഞ്ഞില്ല. അവസാന ഓവര്‍ എറിയാനെത്തുന്നത് ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണെന്നറിഞ്ഞിട്ടും ധോണി പന്ത് പ്രതിരോധിച്ചു.  ലോകത്തിലെ ഏറ്റവും മികച്ച ബൗളറെ നേരിടാന്‍ മറുവശത്തു നില്‍ക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനാണെന്ന ആത്മവിശ്വാസം മാത്രമല്ല ധോണിയെ അതിന് പ്രേരിപ്പിച്ചത്.

വിജയത്തിനായി വിയര്‍പ്പൊഴുക്കിയ കൊഹ്‌ലിയെ മറികടന്ന് വിജയറണ്ണിന് മാത്രം അവകാശിയാവാന്‍ ധോണി ആഗ്രഹിച്ചില്ല എന്നതുകൂടിയാണ്. ആ റണ്ണെടുക്കാന്‍ ഏറ്റവും യോഗ്യന്‍ കൊഹ്‌ലി തന്നെയാണെന്ന തിരിച്ചറിവും ധോണിയെ അതിന് പ്രേരിപ്പിച്ചിരിക്കാം. എന്തായാലും ക്യാപ്റ്റന്റെ വിശ്വാസം കൊഹ്‌ലി തെറ്റിച്ചില്ല. സ്റ്റെയിന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ അതിര്‍വര കടത്തി കൊഹ്‌ലി ഇന്ത്യയെ ഫൈനലിലെത്തിച്ചു.

വിജയറണ്ണെടുത്തതിനെക്കുറിച്ച് കൊഹ്‌ലി പറഞ്ഞതുകൂടി കേള്‍ക്കുക. ആ പന്ത് പ്രതിരോധിച്ചപ്പോള്‍ താങ്കള്‍ക്ക് റണ്ണെടുക്കാന്‍ അവസരമുണ്ടായിരുന്നല്ലോ എന്ന് ഞാന്‍ ധോണിയോട് ചോദിച്ചു. നീ അല്ലെ നന്നായി ബാറ്റു ചെയ്തത്. അതുകൊണ്ട് ആ റണ്ണെടുക്കേണ്ടത് നീ തന്നെയാണ്. നിനക്കുള്ള എന്റെ സമ്മാനമാണെന്ന് കരുതിക്കോളു എന്നായിരുന്നു ധോണിയുടെ മറുപടി. അത് ഇരുകൈയും നീട്ടി ഞാന്‍ സ്വീകരിച്ചുവെന്ന് മാത്രം.


News Obtained From: Asianet News


 

Leave a comment