സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ടു ദിവസത്തിനകം.

വാരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ടു ദിവസത്തിനകം


download


ദില്ലി: വാരാണസി മണ്ഡലത്തില്‍ നരേന്ദ്ര മോദിക്കെതിരെ മല്‍സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയെ രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ ഭിന്നത തുടരുന്നതിനാല്‍ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

വാരാണസിയില്‍ നരേന്ദ്ര മോദിയെ എതിര്‍ക്കാന്‍ ദിഗ് വിജയ് സിംഗും, ആനന്ദ് ശര്‍മ്മയും റഷീദ് അല്‍വിയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ദിഗ് വിജയ് സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ടെന്‍ ജന്‍പഥില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവര്‍ക്ക് താല്പര്യമില്ല. രാഹുല്‍ഗാന്ധിയെക്കാള്‍ പ്രധാന്യം ദിഗ് വിജയ്സിംഗിനാകും എന്നതാണ് ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിക്കുന്നത്.

മോദിക്കെതിരെ മല്‍സരിക്കാന്‍ പ്രാദേശിക നേതാക്കള്‍ ആരെങ്കിലും മതിയെന്ന് ജനാര്‍ദ്ദന്‍ ദ്വിവേദിയെ പോലുള്ള നേതാക്കള്‍ വാദിക്കുന്നു. എം എല്‍ എ ആയ അജയ് റായിയെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ബ്രാഹ്ണ സമുദായംഗമായ അജയ് റായി മത്സരിക്കുന്നത് ഉത്തര്‍പ്രദേശിലാകെ മുന്നോക്ക വോട്ടുകള്‍ നേടാന്‍ പാര്‍ട്ടിയെ സഹായിക്കുമെന്ന് ഇവര്‍ വാദിക്കുന്നു. നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് ചില മുതിര്‍ന്ന നേതാക്കളെ അവഗണിച്ചതില്‍ ബ്രാഹ്മണ സമുദായത്തിന് അമര്‍ഷമുണ്ടെന്നും ഇത് മുതലാക്കണമെന്നും ഇവര്‍ പറയുന്നു.

റായ്ബറേലിയില്‍ സോണിയാഗാന്ധിയെ എതിര്‍ക്കാന്‍ ബോഫോഴ്സ് കേസിലെ അഭിഭാഷകനായ അജയ് അഗര്‍വാളിനെയാണ് ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ യുവ നേതാവ് സ്മൃതി ഇറാനിയേയും ബി ജെ പി പ്രഖ്യാപിച്ചു. വാരാണസിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനം കൂടി വരുന്നതോടെ അങ്കതട്ട് സജീവമാകും.

Leave a comment