ട്വന്റി20 ലോകകപ്പ്: ഇന്ത്യയ്ക്ക് 73 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം

india-won1

ധാക്ക: ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 160 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 16.2 ഓവറില്‍ 86 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 22 പന്തുകള്‍ അവശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയം.

ലോകകപ്പില്‍ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ നാലാം ജയമാണിത്.

ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയില്‍ നിന്ന് വാര്‍ണര്‍, മാക്‌സ വെല്‍, ഹോഡ്ജ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്ക് വേണ്ടി സ്പിന്നര്‍ ആര്‍. അശ്വിന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. മിശ്ര രണ്ടു വിക്കറ്റും, ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലായിരുന്നു 159 റണ്‍സ് നേടിയത്. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ധോണിയെയും കൂട്ടരെയും ബാറ്റിംഗിന് അയക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സ്റ്റാര്‍ ബാറ്റ്‌സ്മാന്മാരായ രോഹിത് ശര്‍മ്മയെയും വിരാട് കോഹ് ലിയെയും നഷ്ടപ്പെട്ട ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത് യുവരാജ് സിംഗിന്റെ തകര്‍പ്പന്‍ തിരിച്ചു വരവായിരുന്നു. യുവരാജ് സിംഗ് 61 റണ്‍സ് നേടി

അഞ്ച് റണ്‍സിന് രോഹിത് ശര്‍മ്മ മടങ്ങിയപ്പോള്‍, രഹാനയുടെ സംഭാവന 19ും വിരാടിന്റെ സംഭാവന 23 റണ്‍സുമായിരുന്നു. പിന്നാലെയെത്തിയ യുവരാജിന് പിന്തുണ നല്‍കാന്‍ സുരേഷ് റെയ്‌നയ്ക്കും കഴിഞ്ഞില്ല. ആറ് റണ്‍സ് എടുത്ത് റെയ് മാക്‌സ് വെല്ലിന്റെ പന്തില്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. ഓസ്‌ട്രേലിയന്‍ ബൌളിംഗിന് പിന്നില്‍ നായകന്‍ ധോണിക്കും അധിക നേരം പിടിച്ച് നില്‍ക്കാനായില്ല. ധോണി 23 റണ്‍സ് നേടി പുറത്തായി. .

ഓസ്‌ട്രേലിയക്ക് വേണ്ടി ഹോഡ്ജ്, മാക്‌സ്വെല്‍, സ്റ്റാര്‍ക്ക്, ബൊളിംഗര്‍, മുയിര്‍ഹെഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മുന്‍ മത്സരങ്ങളിലെ തുടര്‍ച്ചയായ വിജയത്തോടെ സെമിയില്‍ ഇടമുറപ്പിച്ചാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന്‍ വിജയിച്ചതോടെ ഓസ്‌ട്രേലിയ കളിയില്‍ നിന്ന് പുറത്തായിരുന്നു. ഇന്നത്തെ കളി ഓസ്‌ട്രേലിയ വിജയിച്ചാലും അവര്‍ക്ക് പ്രയോജനമൊന്നുമുണ്ടായിരുന്നില്ല.

ടീമില്‍ രണ്ടു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്നിറങ്ങിയത്. മോശം ഫോമിലുള്ള ശിഖര്‍ ധവാന് പകരം അജിന്‍ഹ്യ രഹാനെ, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് പകരം മോഹിത് ശര്‍മ്മ എന്നിങ്ങനെയാണ് ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍. ശിഖര്‍ ധവാന്റെ അഭാവത്തില്‍ രഹാനെയും രോഹിത് ശര്‍മ്മയും ചേര്‍ന്നാണ് ഓപ്പണിംഗ് നടത്തിയത്.

തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് നിലവില്‍ എട്ട് പോയിന്റുകളുണ്ട്.

Leave a comment