മോദിയുടെ പ്രസ്താവന ശത്രുവിനെ തുണയ്ക്കുന്നത്: ആന്റണി.

image

തിരുവനന്തപുരം: എകെ 47 സംബന്ധിച്ച നരേന്ദ്രമോദിയുടെ പ്രസ്താവന ശത്രുവിനെ പരോക്ഷമായി തുണയ്ക്കുന്നതാണെന്നു കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി. ദേശസ്നേഹിക്ക് ഇത്തരമൊരു പ്രസ്താവന നടത്താനാവില്ലെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കു ചേര്‍ന്ന പ്രസ്താവനയല്ല നരേന്ദ്രമോദിയുടെ ഭാഗത്തുനിന്നുണ്ടായത്. ചീപ്പ് പോപ്പുലാരിറ്റിക്കുവേണ്ടി ഇത്തരം പ്രസ്താവനകള്‍ നേതാക്കള്‍ നടത്തരുത്. ഇന്ത്യന്‍ സേനയുെട ആത്മവീര്യം നഷ്ടപ്പെടുത്തുന്നതാണ് മോദിയുടെ പ്രസ്താവന. പരോക്ഷമായി ഇതു ശത്രുക്കളെ സഹായിക്കുന്നതാണ് – ആന്റണി പറഞ്ഞു.

തെരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല, ആശയങ്ങള്‍ തമ്മിലുള്ള മത്സരമാണെന്ന് ആന്റണി പറഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ പല തെര‍ഞ്ഞെടുപ്പനേക്കാള്‍ പ്രധാനമാണ് ഈ തെരഞ്ഞെടുപ്പ്. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്. മാത്രമല്ല, എല്‍ഡിഎഫിനെ പ്രത്യേകിച്ചു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ജനം ശക്തമായി എതിര്‍ക്കുന്ന അന്തരീക്ഷമാണുള്ളത്.

കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയായ ബിജെപി, ഗുജറാത്ത് അല്ല ഇന്ത്യയെന്നു തിരിച്ചറിയണം. ഗുജറാത്ത് മോഡല്‍ വിജയമാണെന്ന് അഭിപ്രായമില്ല. മോദിയുടെ അജണ്ട ഇന്ത്യയുടെ ഐക്യം തകര്‍ക്കും. ഇന്ത്യയെ സംഘര്‍ഷഭൂമിയാക്കി മാറ്റുന്ന അജണ്ടയാണു മോദിയുടേത്. മോദി തരംഗം ഇന്ത്യയിലുണ്ടെന്ന് അഭിപ്രായില്ല. അത് ഒരുതരം മാര്‍ക്കറ്റിങ് മാത്രമാണ്. 1977നു ശേഷം തെരഞ്ഞെടുപ്പില്‍ സംഘപരിവാറും ആര്‍എസ്എസും സജീവമായി തെരഞ്ഞെടുപ്പിനിറങ്ഹുന്നത് ഇപ്പോഴാണ്. അവരില്‍ ഒരു വിഭാഗവും കോര്‍പ്പറേറ്റുകളില്‍ ഒരു വിഭാഗവുംകൂടിയിറക്കുന്ന അന്തരീക്ഷമാണു മോദി തരംഗം.

യുപിഎയെ പിന്തുണയ്ക്കുന്നവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുന്നുണ്ട്. യുപിഎയിലെ ഇന്നത്തെ ഘടകകക്ഷികള്‍കൊണ്ടു ഭൂരിപക്ഷം തികയ്ക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍, ഒരു സര്‍വനാശം ഒഴിവാക്കാന്‍വേണ്ടി മറ്റു കക്ഷികള്‍ പിന്തുണയ്ക്കുമെന്നാണു പ്രതീക്ഷ. കോണ്‍ഗ്രസ് അതിനു തയാറുമാണ്. കേരളത്തില്‍ സിപിഎമ്മിന്റെ അടിത്തറ തര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊലപാതക രാഷ്ട്രീയം ജനം വെറുത്തുകഴിഞ്ഞു. വോട്ടവകാശം ഉപയോഗിച്ചു ജനം ഇതിനെ നേരിടാന്‍പോവുകയാണ്. കേരളം യുഡിഎഫിനു വളരെ അനുകൂലമാണ്.

മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശം സംബന്ധിച്ച ചോദ്യങ്ങളോട് ആന്റണി വ്യക്തമായി പ്രതികരിച്ചില്ല. കോടതി വിധി വരുംമുന്‍പുതന്നെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ സ്വാഗതം ചെയ്തവാണു യുഡിഎഫ് സര്‍ക്കാരെന്നു, ടി.പി. വധത്തിലെ സിബിഐ അന്വഷണ ആവശ്യത്തിനതിരെ സിപിഎം നടത്തിയ എതിര്‍പ്പുപോലൊരു സമീപനം ഞങ്ങള്‍ക്കില്ലെന്നും ആന്റണി പറഞ്ഞു.  കോടതിയുടെ വിധിയാണു വന്നിരിക്കുന്നത്. സിബിഐ അന്വേഷണം വേണമെന്നാണു വിധി. ഇനി സിബിഐ അന്വേഷിക്കട്ടെ. മുഖ്യമന്ത്രിയും ഗവണ്‍മെന്റും പാര്‍ട്ടിയും അതിനെ സ്വാഗതം ചെയ്യുന്നു. സത്യം പുറത്തുവന്നിട്ടു തീരുമാനിക്കാം – ആന്റണി പറഞ്ഞു.

Leave a comment