ഇനി ബാങ്ക് അക്കൗണ്ട് ഇല്ലാതെയും എടിഎമ്മില്‍ നിന്നും പണമെടുക്കാം

ATMമുംബൈ: അക്കൗണ്ടില്ലാതെ എടിഎം വഴി പണം നല്‍കുന്ന രാജ്യത്തെ ആദ്യ ബാങ്കെന്ന ഖ്യാതി ഇനി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സ്വന്തം. കാര്‍ഡ് ആവശ്യമില്ലാത്ത ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍ എന്ന സംവിധാനത്തിലൂടെയാണ് ബാങ്ക് ഓഫ് ഇന്ത്യ ഇത് നടപ്പിലാക്കിയിരിക്കുന്നത്. പുതിയ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുത്ത എടിഎമ്മുകളില്‍ നിന്നും പണമെടുക്കാം. മുംബൈ നഗരത്തിലാണ് ബിഒഐ ആദ്യമായി ഈ സംവിധാനം നടപ്പിലാക്കുന്നത്.

അക്കൗണ്ടില്ലാത്തവര്‍ക്കും എ.ടി.എം വഴി പണം നല്‍കാനുള്ള സംവിധാനം നടപ്പിലാക്കുമെന്ന് കഴിഞ്ഞ മാസം റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ പറഞ്ഞിരുന്നു.

ബാങ്ക് എടിഎമ്മിലൂടെ പണം സ്വീകരിക്കേണ്ടയാളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കി അക്കൗണ്ട് ഉടമയ്ക്ക് തന്റെ അക്കൗണ്ടില്‍ നിന്നും പണം മറ്റൊരു എടിഎം വഴി തന്റെ ബന്ധുവിനോ സുഹൃത്തിനോ നല്‍കാന്‍ കഴിയും. പണം സ്വീകരിക്കേണ്ടയാളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന കോഡ് ഉപയോഗിച്ച് ബാങ്കിന്റെതന്നെ ഏതെങ്കിലും എടിഎമ്മില്‍ നല്‍കി പണം പിന്‍വലിക്കാം.

ഒരു തവണ ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫറിലൂടെ പതിനായിരും രൂപ വരേയും ഒരു മാസം 25,000 രൂപയും കൈമാറാന്‍ സാധിക്കും. ഓരോ ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫറിനും 25 രൂപ ഈടാക്കും.

Leave a comment