ദേശീയ പതാകയ്ക്കൊപ്പം ചൂല്‍; കെജ്‌രിവാളിനെതിരെ കേസ്

kejriwalഭോപ്പാല്‍: ദേശീയ പതാകയെ അവഹേളിച്ചെന്ന പരാതിയില്‍ കെജ്‌രിവാളിനും എഎപി നേതാക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ഭോപ്പാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് എഎപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ദേശീയ പതാകയ്‌ക്കൊപ്പം ചൂല്‍ പിടിച്ചത് ദേശീയപതാകയെ അവഹേളിക്കലാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

എഎപി നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, ഷാസിയ ഇല്‍മി, അശുതോഷ്, ഗാന്ധിജിയുടെ പൗത്രന്‍ രാജ് മോഹന്‍ ഗാന്ധി തുടങ്ങി 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് കോടതി ഉത്തരവിട്ടത്. പാര്‍ട്ടി പ്രചാരണത്തിന്റെ ഭാഗമായി ദേശീയ പതാകയ്‌ക്കൊപ്പം എഎപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂലേന്തിയത് ദേശീയ പതാകയെ അവമതിക്കലാണെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് സ്വദേശിയായ രാജേന്ദ്ര മിശ്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

കോടതി ഉത്തരവ് പ്രകാരം മധ്യപ്രദേശിലുള്ള ആറു പേര്‍ക്കെതിരെയും ഡല്‍ഹിയിലുള്ള എഎപി നേതാക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായി ബിന പൊലീസ് അറിയിച്ചു. കെജ്‌രിവാള്‍, ഷാസിയ ഇല്‍മി, അശുതോഷ്, രാജ് മോഹന്‍ ഗാന്ധി എന്നിവര്‍ക്കെതിരായ അന്വേഷണം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം ഡല്‍ഹി പൊലീസിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

News Obtained From : India Vision News

Leave a comment