തെരഞ്ഞെടുപ്പ് പ്രചരണ ചൂടില്‍ ഇടുക്കി

image (3)തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ലമെന്റ് മണ്ഡലമായ ഇടുക്കിയില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് പ്രചരണം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ മണ്ഡല പര്യടന പരിപാടികള്‍ ദേവികുളത്തു നിന്നും തുടങ്ങി. ഏഴു നിയമസഭാ മണ്ഡലങ്ങളുള്ള ഇടുക്കിയില്‍ ഇനിയും അവശേഷിക്കുന്ന ചുരുങ്ങിയ ദിവസം കൊണ്ട് പര്യടനം പൂര്‍ത്തിയാക്കാനാകുമോയെന്ന ആശങ്കയിലാണ് സ്ഥാനാര്‍ത്ഥികളെല്ലാവരും. ഒന്നാം ഘട്ടത്തില്‍ മണ്ഡലത്തിലെ മത മേലധ്യക്ഷന്മാരെയും രാഷ്ട്രീയ സാമൂഹ്യ നേതാക്കളെയും കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ് മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം ചെയ്തത്. ചിലര്‍ കലാലയങ്ങളിലും പ്രധാന സ്ഥലങ്ങളിലുമെത്തി നേരിട്ട് വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഒപ്പം പാര്‍ലമെന്റ് നിയോജക മണ്ഡലം തല കണ്‍വന്‍ഷനുകളും പൂര്‍ത്തിയാക്കി. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലുമുള്ള കണ്‍വന്‍നുകള്‍ നടന്നു കൊണ്ടിരിക്കുകയാണിപ്പോള്‍. വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനായി മണ്ഡല പര്യടനമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.

ഇടുക്കിയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ വച്ച് ഇതെങ്ങനെ സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്നാണ് സ്ഥാനാര്‍ത്ഥികളും ഒപ്പമുള്ളവരും ഇപ്പോള്‍ തലപുകഞ്ഞാലോചിച്ചു കൊണ്ടിരിക്കുന്നത്. കട്ടപ്പനയില്‍ സ്വകാര്യ നഴ്‌സിംഗ് സ്‌ക്കൂള്‍ സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥി സംഗമത്തില്‍ മൂന്നു സ്ഥാനാര്‍ത്ഥികളും പങ്കെടുക്കുകയും തങ്ങളുടെ വികസന സ്വപ്നങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി, ഏ.കെ ആന്റണി, പ്രതിപക്ഷനേതാവ്, പിണറായി വിജയന്‍ തുടങ്ങിയ നേതാക്കളും ഇടുക്കിയിലെത്തുന്നുണ്ട്.

Leave a comment