കാണാതായ വിമാനത്തിന്റെ ഭാഗങ്ങള്‍ ചൈനീസ് സാറ്റലൈറ്റ് കണ്ടെത്തി

Malaysian-Airlineബീജിംഗ്: കാണാതായ മലേഷ്യന്‍ വിമാനത്തിന്റേത് കരുതുന്ന ഭാഗങ്ങള്‍ ചൈനീസ് സാറ്റലൈറ്റ് കണ്ടെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. 22 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള വസ്തുവിനുണ്ട്. പ്രദേശത്ത് തെരച്ചില്‍ നടത്താന്‍ ചൈനീസ് കപ്പലുകള്‍ തിരിച്ചതായി മലേഷ്യന്‍ പൊതുഗതാഗത മന്ത്രി ഹിഷാമുദീന്‍ ഹുസൈന്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടുമെന്നും ഹുസൈന്‍ പറഞ്ഞു.

വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് കണ്ടെത്തിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വ്യാഴാഴ്ച്ച അറിയിച്ചിരുന്നു. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസ്സമായി.

239 യാത്രക്കാരുമായി മാര്‍ച്ച് എട്ടിന് ക്വലാലംപൂരില്‍ നിന്നും ബീജിംഗിലേക്ക് പോകവെയാണ് എംഎച്ച്370 എന്ന മലേഷ്യന്‍ വിമാനം കാണാതായത്. വിമാനം റാഞ്ചിയതാകാമെന്നാണ് മലേഷ്യ കരുതുന്നത്. പറന്നുയര്‍ന്ന് 40 മിനിറ്റിനു ശേഷം വിമാനത്തിലെ വാര്‍ത്താവിനിമയ ബന്ധം ബോധപൂര്‍വ്വം വേര്‍പെടുത്തുകയും തുടര്‍ന്ന് എതിര്‍ദിശയില്‍ എട്ടു മണിക്കൂറോളം വിമാനം പറക്കുകയും ചെയ്‌തെന്നാണു നിഗമനം. 26ഓളം രാജ്യങ്ങള്‍ ചേര്‍ന്ന് വ്യാപകമായ തിരച്ചിലാണ് വിമാനത്തിനായി നടത്തുന്നത്.

Leave a comment