വിമാനം തിരയാന്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കണമെന്ന് ചൈന

download-25ന്യൂഡല്‍ഹി: കാണാതായ മലേഷ്യന്‍ വിമാനത്തിനായി തിരച്ചില്‍ നടത്താന്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ചൈനീസ് കപ്പലുകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. നാലു യുദ്ധക്കപ്പലുകളെ ആന്‍ഡമാന്‍ കടലില്‍ തിരച്ചില്‍ നടത്താന്‍ അനുവദിക്കണമെന്നാണ് ചൈന ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈനീസ് കപ്പലുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിലൂടെ ഈ പ്രദേശത്തെ സൈനിക സംവിധാനങ്ങള്‍ ചൈനയ്ക്ക് മുന്നില്‍ തുറക്കേണ്ടി വരുമെന്നത് ഇന്ത്യയെ വിഷമവൃത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ കാണാതായ വിമാനത്തിലെ യാത്രക്കാരില്‍ 150 പേര്‍ ചൈനക്കാരാണന്നതിനാല്‍ ചൈനയുടെ ആവശ്യം തള്ളിക്കളയാനും വയ്യാത്ത അവസ്ഥയിലാണ് ഇന്ത്യ.

സൈന്യത്തിന്റെ അഭിപ്രായമാരാഞ്ഞ ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ഇതിനിടെ മൂന്നു ദിവസമായി നിര്‍ത്തിവെച്ചിരുന്ന തിരച്ചില്‍ മലേഷ്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇന്ത്യ പുനരാരംഭിച്ചു. ഇന്ത്യന്‍ മഹാസുദ്രത്തിന്റെ ജക്കാര്‍ത്ത വരെയുള്ള തെക്കുഭാഗത്താണ് ഇന്ത്യ തിരച്ചില്‍ നടത്തുന്നത്. ഇന്ത്യയുടെ ആറു യുദ്ധക്കപ്പലുകളും അഞ്ച് വിമാനങ്ങളുമാണ് തിരച്ചില്‍ സംഘത്തിലുള്ളത്. ഐ.എന്‍.എസ് സരയു, ഐ.എന്‍.എസ് കുംഭിര്‍, ഐ.എന്‍.എസ് കേസരി, ഐ.സി.ജി.എസ് കനകലത ബറുവ, ഐ.സി.ജി.എസ് ഭിക്കാജി കാമ എന്നീ കപ്പലുകളാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

Leave a comment