വികസനത്തില്‍ ഗുജറാത്തല്ല കേരളവും, ഹരിയാനയും റോള്‍ മോഡല്‍

ke1നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ജനങ്ങളുടെ ആളോഹരി ക്രയശേഷിയില്‍ കേരളം ഏറെ മുന്നിലാണെന്ന കണക്കുകള്‍ പുറത്തുവന്നു. ഗ്രാമീണ ക്രയശേഷിയില്‍ കേരളം ഒന്നാമത് എത്തിയപ്പോള്‍ നാഗരിക ക്രയശേഷിയില്‍ ഹരിയാനയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനമുണ്ട്. നരേന്ദ്രമോദിയുടെ ഗുജറാത്ത് നാഗരിക ക്രയേശേഷിയില്‍ പോലും ദേശീയ ശരാശരിയേക്കാള്‍ ഏറെ താഴെയാണ്.

വികസനത്തിന്റെ കണക്ക് പൂര്‍ത്തിയാക്കുന്നത് ജനത്തിന് പണം ചിലവഴിക്കാനുള്ള ശേഷി കൂടി ചേരുമ്പോഴാണ്. നഗരത്തില്‍ ജീവിക്കുന്ന ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കാന്‍ കെല്‍പ്പുള്ളത് ഹരിയാനയ്ക്കാണ്. ഹരിയാനയിലെ ഓരോ നാഗരികനും 3817 രൂപ ചെലവഴിക്കുമ്പോള്‍ കേരളത്തിലെ നഗരവാസികള്‍ 3,408 രൂപ വീതം ചെലവഴിക്കുന്നു. മോദിയുടെ ഗുജറാത്തില്‍ നഗരവാസിക്ക് ചെലവാക്കാന്‍ കഴിയുന്നത് 2,581 രൂപയാണ്. ദേശീയ ശരാശരിയായ 2,630നേക്കാള്‍ താഴെയാണിത്.

ഗ്രാമീണര്‍ക്കുള്ള വിനമയ ശേഷിയില്‍ കേരളമാണ് ഒന്നാമത്. കേരളത്തിലെ ഓരോ ഗ്രാമീണനും മാസം 2669 രൂപ ചെലവഴിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബില്‍ ചെലവ് 2,345 ആണ്. ഗ്രാമീണ ഗുജറാത്തിലെ ഓരോരുത്തര്‍ക്കും ചെലവഴിക്കാന്‍ കഴിയുന്ന തുക 1645 മാത്രമാണ്. വലിയ കെട്ടിടങ്ങള്‍ ഉയരുമ്പോഴും സാധാരണക്കാരിലേക്ക് പണം എത്താത്ത വികസനമാണ് ഗുജറാത്തില്‍ നടക്കുന്നത് എന്ന ആരോപണം ശരിവയ്ക്കുന്നതാണ് കണക്കുകള്‍. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷനാണ് കണക്ക് പുറത്ത് വിട്ടത്.

Leave a comment