വയനാട്ടില്‍ വനത്തിന് തീയിടുന്നതിനിടെ ഒരാള്‍ പിടിയില്‍

Fireവയനാട്ടില്‍ വനത്തിന് തീയിടുന്നതിനിടെ ഒരാള്‍ പിടിയിലായി. നോര്‍ത്ത് വയനാട് ഡിവിഷനിലെ വരയാല്‍ ചുളളിവനമേഖലയ്ക്ക്‌ തീയിടുന്നതിനിടെ, വരയാല്‍ എടമന മടിയൂര്‍ വീട്ടില്‍ ബാലകൃഷ്ണന്‍ ആണ് വനംവകുപ്പിന്റെ പിടിയിലായത്. രണ്ടു ദിവസങ്ങളായി തിരുനെല്ലിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തോതിലാണ് കാട്ടുതീ ഉണ്ടായത്.

തിരുനെല്ലി മേഖലയില്‍ ക‍ഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീ അട്ടിമറിയാണെന്നതു സംബന്ധിച്ച് വനംവകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ് ഒരാളെ പിടികൂടിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. പിടിയിലായ ആളുടെ രാഷ്ട്രീയ പശ്ചാത്തലം അടക്കമുള്ള കാര്യങ്ങള്‍ വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്. ക‍ഴിഞ്ഞ ദിവസം കാട്ടുതീ ഉണ്ടായ ഭാഗങ്ങളില്‍ ചില അജ്ഞാതരെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. തിരുനെല്ലി കാടുകളിലാണ് കാട്ടുതീ വ്യാപകമായി ഉണ്ടായത്. ഇന്ന് ഉച്ചയോടെ, തിരുനെല്ലി തോല്‍പ്പെട്ടി വനംവകുപ്പിന്റെ ചെക്ക്‌ പോസ്റ്റിനോടു ചേര്‍ന്ന നായ്കട്ടിയിലും തീപിടിച്ചു. വനംവകുപ്പ് ജീവനക്കാരും ഫയര്‍ ഫോ‍ഴ്സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം ശ്രമിച്ചാണ് തീ അണച്ചത്. ഇതിനു പുറകെ, ബാണാസുര മലനിരകളിലെ വാളാരംകുന്ന് പ്രദേശത്തും കാട്ടുതീയുണ്ടായി. നാളെ വനംവകുപ്പ് സി.സി.എഫ്, ജൈവവൈവിധ്യ ബോര്‍ഡ് പ്രതിനിധി, വനംവകുപ്പ് വിജിലന്‍സ് മേധാവി എന്നിവരടങ്ങുന്ന സംഘം തിരുനെല്ലിയില്‍ എത്തുന്നുണ്ട്.

Leave a comment