ലോകസ്ഭയില്‍ ചോദ്യം ചോദിക്കാത്തവരുടെ പട്ടികയില്‍ സോണിയയും അദ്വാനിയും

imageദില്ലി: ബഹളം കാരണം പാര്‍ലമെന്റിന്റെ സമയം നഷ്ടമാവുന്നതില്‍ കണ്ണീരൊഴുക്കുന്ന പല പ്രമുഖരും പാര്‍ലെമന്റില്‍ ഒരു ചോദ്യം പോലും ചോദിക്കാത്തവരാണ്. സോണിയാ ഗാന്ധി, എല്‍ കെ അദ്വാനി, ലാലു പ്രസാദ് യാദവ് തുടങ്ങിയ പ്രമുഖര്‍ പതിനഞ്ചാം ലോക്‌സഭയില്‍ മൗനം പാലിച്ചു.

പിആര്‍എസ് ലെജിസ്ലേറ്റീവ് റിസേര്‍ച്ച് (PRS Legislative research) എന്ന സംഘടനയാണ് പതിനഞ്ചാം ലോക്‌സഭയില്‍ ഒരു ചോദ്യം പോലും ചോദിക്കാത്ത എംപി മാരുടെ പട്ടിക പുറത്ത് വിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷക സോണിയാ ഗാന്ധി, മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി, ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ ഒരു ചോദ്യം പോലും ചോദിച്ചില്ല. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവ്, മകന്‍ അഖിലേഷ് യാദവ്, അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് തുടങ്ങിയവരും മൗനം ഭൂഷണാക്കിയവരാണ്.

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും കാര്യവും വ്യത്യസ്തമല്ല. വനിതാ എം പിമാരില്‍ മുന്‍ ടിആര്‍എസ് എംപി വിജയ് ശാന്തി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശതാബ്ദി റോയ് എന്നിവരും ചോദ്യം ചോദിക്കാത്തവരുടെ പട്ടികയിലുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം പി കല്യാണ്‍ സിങ്ങ്, ഹരിയാന ജനഹിത് കോണ്‍ഗ്രസ് നേതാവ് ഭജന്‍ ലാല്‍, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയിലെ ബാബുലാല്‍ മറാണ്ടി തുടങ്ങിയവര്‍ക്കൊപ്പം ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ ഒന്നു മിണ്ടാത്തവരുടെ പട്ടികയിലുണ്ട്.

ജാര്‍ഖണ്‍ഡ് മുക്തി മോര്‍ച്ച നേതാവ് ഷിബു സോറന്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയവരും പാര്‍ലമെന്റില്‍ ചോദിക്കാനൊന്നുമില്ല. ആകെ 36 എം പി മാരുടെ പട്ടികയാണ് പിആര്‍എസ് ലെജിസ്ലേറ്റീവ് റിസേര്‍ച്ച് പുറത്തുവിട്ടത്.

Leave a comment