ആം ആദ്മി കേരള നേതൃത്വം സംശയത്തിന്റെ നിഴലില്‍; അശ്വതിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ തിരിമറിയോ ?

1375746_253222811493077_616390039_nആം ആദ്മി പാര്‍ട്ടി കേരള ഘടകത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകയും ആം ആദ്മി പാര്‍ട്ടി ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന അശ്വതി നായര്‍ രംഗത്ത് വന്നതോടെ ആം ആദ്മിയുടെ സംസ്ഥാന നേതൃത്വം സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. പാര്‍ട്ടി കേരള ഘടകം തമ്മിലടിക്കുന്ന ഒരാള്‍ക്കൂട്ടമായി മാറിയിരിക്കുകയാണെന്നും വിഭാഗീയതയില്‍ മനംനൊന്ത് താന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറുകയാണെന്നും അശ്വതി നായര്‍ തന്റെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെ വെളിപ്പെടുത്തി. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ചില നേതാക്കള്‍ പണം വാഗ്ദാനം ചെയ്തതായും അശ്വതി ആരോപിക്കുന്നു.

ആലപ്പുഴയില്‍ ആം ആദ്മി സ്ഥാനാര്‍ഥി ആവാനുള്ള ശ്രമം ആദ്യം താന്‍ നിരസിച്ചിരുന്നുവെങ്കിലും വ്യക്തിപരമായി അറിയുന്ന ഒട്ടേറെ സുഹൃത്തുക്കള്‍ ആലപ്പുഴയില്‍ ഉള്ളതിനാലാണ് താന്‍ ഒടുവില്‍ സമ്മതിച്ചതെന്നും എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ തന്നെ ആം ആദ്മി സംസ്ഥാന ഘടകത്തിലെ അംഗങ്ങളായ മനോജ് പത്മനാഭന്‍, സുരേഷ്, കെ പി രതീഷ് എന്നിവര്‍ എന്റെ ആലപുഴയില്‍ നിന്നും കൊല്ലത്തേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരുന്നുവെന്നും അശ്വതി ആരോപിക്കുന്നു. ആലപുഴ അല്ലാതെ മറ്റൊരു ഭാഗത്തേക്കും ഇല്ല എന്ന് താന്‍ പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക വന്നപ്പോള്‍ തന്റെ പേര് കൊല്ലം മണ്ഡലത്തില്‍ ആണ് ഇട്ടിരുന്നത്. ഇത് താന്‍ ചോദ്യം ചെയ്തപ്പോള്‍ കാത്തിരിക്കൂ എന്നായിരുന്നു മറുപടി. തുടര്‍ന്ന് വിദേശത്ത് നിന്ന് ആം ആദ്മി സംസ്ഥാന അംഗങ്ങള്‍ നേതാക്കള്‍ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പരിചയപ്പെടുത്തിയയാള്‍ ആലപുഴയില്‍ നിന്നും പിന്മാറാമെങ്കില്‍ എത്ര തുക വേണമെങ്കിലും തരാമെന്ന് വാഗ്ദാനം ചെയ്തതായ ഗുരുതരമായ ആരോപണവും അശ്വതി ഉന്നയിക്കുന്നുണ്ട്. പുതിയ വിവാദത്തോടെ ആം ആദ്മിയുടെ സംസ്ഥാന നേതൃത്വം സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

അരവിന്ദ് കേജ്രിവാളിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും താന്‍ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ കേരളത്തില്‍ വളരെ അപകടകരമായ അവസ്ഥയിലാണ് ചിലര്‍ കൊണ്ട് പോകുന്നതെന്നും അശ്വതിയുടെ കുറിപ്പില്‍ ഉണ്ട്.

സംഭവത്തെ തുടര്‍ന്ന് ആം ആദ്മിയുടെ ഔദ്യോഗിക ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആം ആദ്മി സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം

ഇവിടെ അശ്വതിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് വളരെ അധികം ആശയകുഴപ്പം ഉണ്ട് എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. അശ്വതിയെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ആദ്യമായി ക്ഷണിച്ചത് നമ്മുടെ ഒരു വോളണ്ടിയര്‍ ആണ്. അദ്ദേഹം ആണ് ഈ വിവരം ഞങ്ങളെ അറിയിച്ചത്. അശ്വതി തിരുവനന്തപുരംകാരി ആയതുകൊണ്ട് ഇത് തിരുനന്തപുരം ജില്ല ടീമിനെ ഞങ്ങള്‍ ഇത് അറിയിക്കുകയും ചെയ്തു. അശ്വതി പാര്‍ട്ടി അംഗം ആകും എന്ന് മാത്രമേ ഞങ്ങള്‍ അപ്പോള്‍ ധരിച്ചിരുന്നുള്ളൂ.. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രിക സമര്‍പ്പിക്കേണ്ട ദിവസവും കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ഈ വിഷയം ഞങ്ങളുടെ തന്നെ സോഷ്യല്‍ മീഡിയ പ്രൊമോഷണല്‍ ഗ്രൂപ്പില്‍ ഒരു ചര്‍ച്ചാവിഷയം ആയി.

ഈ ചര്‍ച്ച കണ്ടപ്പോള്‍ ആണ് ഏതാനും ചില വ്യക്തികള്‍ ആശ്വതിയോടു ആലപ്പുഴയിലെ സ്ഥാനാര്‍ഥിയാകുവാന്‍ ആവശ്യപ്പെട്ടത്. അവര്‍ അത് സമ്മതിക്കുകയും ചെയ്തു. ആ വിവരം ജില്ലാ കമ്മിറ്റി മുഖേന അറിഞ്ഞപ്പോള്‍ തന്നെ ആലപ്പുഴയുടെ സ്‌ക്രീനിംഗ് കഴിഞ്ഞു എന്നും ഇനി കൊല്ലം ആണ് ഉള്ളത് എന്നും അവിടെയ്ക്ക് പരിഗണിക്കാം എന്നും പറഞ്ഞു. പക്ഷെ പിന്നീട് നടന്നത് മുഴുവന്‍ അശ്വതിയെ ആലപ്പുഴയ്ക്ക് കൊണ്ടുവരാന്‍ വേണ്ടി ചില വ്യക്തികള്‍ ചേര്‍ന്ന് നടത്തിയ തരം താണ രാഷ്ട്രീയ കളികള്‍ ആയിരുന്നു. അതിനു വേണ്ടി ഓണ്‍ലൈന്‍ പത്രങ്ങളില്‍ അശ്വതിയാണ് മല്‍സരിക്കുന്നത് എന്ന് പറഞ്ഞു കുറെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. അശ്വതി ആലപ്പുഴയില്‍ മത്സരിക്കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും ആരംഭിച്ചു.

അശ്വതിയുടെ സ്‌ക്രീനിംഗ് കഴിഞ്ഞ ദിവസം തന്നെ കൊല്ലം സീറ്റിലേക്കാണ് അവരെ പരിഗണിച്ചിരിക്കുന്നത് എന്ന് പറഞ്ഞതാണ്. അന്നുതന്നെ അശ്വതിയെ കൊല്ലത്തേക്ക് പരിഗണിച്ചതായി വെബ്‌സൈറ്റില്‍ വന്നു. അതോടെ പിന്നെ കാര്യങ്ങള്‍ വ്യക്തി അധിക്ഷേപതിലേക്ക് എത്തി. കുറെ ആരോപണങ്ങള്‍ അഴിച്ചു വിട്ട്. സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുപ്പ് കമ്മിറ്റിയെയും ഭയപ്പെടുത്തി അശ്വതിയെ ആലപ്പുഴയിലെ സ്ഥാനാര്‍ഥി ആക്കുക. അതിനു വേണ്ടിയുള്ള ഗൂഡ തന്ത്രങ്ങള്‍ ആണ് പിന്നീട് നടന്നത്.

ആരൊക്കെയോ അശ്വതി ആലപ്പുഴ വരുന്നത് തടയാന്‍ ശ്രമിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കുക. അതിനുവേണ്ടി ലക്ഷങ്ങള്‍ ഓഫര്‍ ചെയ്തുകൊണ്ട് വിദേശത്ത് നിന്ന് അശ്വതിയെ ആരോ ഫോണ്‍ വിളിച്ചു ആ ഫോണ്‍ വിളി സത്യം തന്നെ ആണ് എന്ന് അശ്വതി തന്നെ സ്ഥിതീകരിച്ചു. ഇത് അശ്വതിയില്‍ തന്നെ കൂടുതല്‍ തെറ്റിധാരണ പരത്തി, ജനങ്ങളില്‍ ആശയകുഴപ്പം ഉണ്ടാക്കി സ്റ്റേറ്റ് കമ്മിറ്റിയെയും തിരഞ്ഞെടുപ്പ് കമ്മിറ്റിയെയും നിര്‍ബന്ധിതമാക്കുക എന്ന തെറ്റായ മാര്‍ഗം ആണ് കുറച്ചു പേര്‍ ചേര്‍ന്ന് നടത്തിയത്. പല തവണ സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങള്‍ ഈ വിവരം അശ്വതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു എങ്കിലും അവരുടെ തെറ്റിധാരണ മാറ്റുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അവര്‍ക്ക് കൊല്ലം സീറ്റ് നല്‍കിയെങ്കിലും അവര്‍ അത് സ്വീകരിക്കാന്‍ തയ്യാറായതുമില്ല.

ഒരു വ്യക്തിയെ സ്ഥാനാര്‍ഥി ആക്കുന്നതിന് വേണ്ടി തെറ്റായ പ്രവണതകളെ പ്രോത്സാഹിപ്പിക്കാന്‍ വയ്യ. ഒരു തവണ പോലും നേരായരീതിയില്‍ അശ്വതിയുടെ വിഷയം സ്റ്റേറ്റ് കമ്മിറ്റിയുടെയോ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയോ മുന്‍പില്‍ ബോധിപ്പിക്കാന്‍ ജില്ലയിലെ ഉത്തരവാദിത്വപെട്ടവര്‍ തയ്യാറായതുമില്ല.

കുറച്ചുപേര്‍ ചേര്‍ന്ന് നടത്തിയ ഈ തെറ്റിധാരണ ആണ് ഇന്ന് എല്ലാവരെയും ആശയകുഴപ്പത്തില്‍ ആക്കിയിരിക്കുന്നത്. അശ്വതി എന്ന വ്യക്തിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അതു കൊണ്ടാണ് കൊല്ലം സീറ്റ് അവര്‍ക്ക് നല്‍കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. അവരെ ആലപ്പുഴയ്ക്ക് സ്വീകരിക്കുകയാണെങ്കില്‍ നിലവില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരോട് ഞങ്ങള്‍ എങ്ങനെ നീതി പുലര്‍ത്തും ? തിരഞ്ഞെടുപ്പ് പ്രക്രിയയോടു എങ്ങനെ നീതിപുലര്‍ത്തും ഒരാഴ്ചയിലധികം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ വ്യക്തികളെ എന്ത് കാരണം പറഞ്ഞു മാറ്റി നിര്‍ത്തും. സര്‍വ്വോപരി ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി നെറികെട്ട രാഷ്ട്രീയം കളിച്ച വ്യക്തികളുടെ ഇംഗിതത്തിനു വഴങ്ങേണ്ടിവന്നാല്‍ നാളെ ഇത് പല സ്ഥലത്തും വീണ്ടും ആവര്‍ത്തിക്കാം.

ഇത് തികച്ചും സംഘടനാപരമായ വീഴ്ച ആണെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. ഇതും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉണ്ടായിട്ടുള്ള ആശയവിനിമയത്തിന്റെ അപര്യാപ്തത തന്നെ ആണ്. അതുകൊണ്ട് മാത്രം ആണ് ഇതില്‍ പരസ്യമായ ഒരു വിശദീകരണം ഇത് വരെ നല്‍കാതിരുന്നതും.

ആശ്വതിയുടെ ആരോപണവും ആം ആദ്മിയുടെ വിശദീകരണവും പുറത്ത് വന്നതോടെ ആം ആദ്മിയുടെ ഔദ്യോഗിക ഫേസ്ബുക്ക് ഗ്രൂപ്പില്‍ വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ട അവസ്ഥയാണ്‌. അശ്വതിയെ അനുകൂലിച്ചു കൊണ്ടും തിരിച്ചും നിരവധി പേരാണ് ഗ്രൂപ്പില്‍ കമന്റ് ചെയ്തിരിക്കുന്നത്. അത്തരം ചില കമന്റുകളിലേക്ക്..

TMGJRVz

Leave a comment