കഴിഞ്ഞ ലോക്സഭയില്‍ ചോദ്യം ചോദിക്കാത്തവരില്‍ രാഹുലും സോണിയയും അദ്വാനിയും

imageജനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും ചോദ്യം ഉന്നയിച്ച് ഭരണാധികാരികളെക്കൊണ്ട് വ്യക്തമായ ഉത്തരം പറയിപ്പിക്കുകയും ചെയ്യുകയെന്നത് ഒരു ജനപ്രതിനിധിയുടെ കര്‍ത്തവ്യമാണ്. എന്നാല്‍ ഇക്കഴിഞ്ഞ പതിനഞ്ചാം ലോക്സഭയില്‍ 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഒരു ചോദ്യം പോലും ഉന്നയിക്കാത്ത 26 അംഗങ്ങളുണ്ട്. അവരില്‍ 13 പേര്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍നിര നേതാക്കളുമാണ്.

കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധിയാണ് ഈ പട്ടികയില്‍ മുമ്പന്‍. പതിനഞ്ചാം ലോക്സഭയില്‍ പ്രധാനപ്പെട്ട പല വിഷയങ്ങള്‍ ചര്‍ച്ചയയാപ്പോഴും രാഹൂല്‍ നിശബ്ദമായി ഇരുന്നത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയാണ് ചോദ്യം ചോദിക്കാത്ത എംപിമാരില്‍ പ്രമുഖനായ മറ്റൊരു വ്യക്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ് ചോദ്യം ചോദിക്കാത്ത മറ്റൊരു പ്രമുഖ ജനപ്രതിനിധി.

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് ദാദവ്, മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത് സിംഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഷിബു സോറണ്‍ എന്നിവരും ചോദ്യം ചോദിക്കാത്ത എംപിമാരില്‍ പ്രമുഖരാണ്. ബിജെപി നേതാവ് കല്യാണ്‍ സിംഗ്, ജനതാദള്‍ സെക്കുലര്‍ അദ്ധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ, തെലങ്കാന രാഷ്ട്ര സമിതി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ റാവു, ചലച്ചിത്രതാരവും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയുമായ ശതാബ്ദി റോയ്, തൃണമൂല്‍ നേതാവ് കബിര്‍ സുമന്‍, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച നേതാവ് ബാബു ലാല്‍ മറണ്ടി, ചലച്ചിത്ര നടിയും തെലങ്കാന രാഷ്ട്ര സമിതി നേതാവുമായ വിജയശാന്തി എന്നിവരാണ് ചോദ്യം ചോദിക്കാത്ത ജനപ്രതിനിധികളില്‍ മുന്‍നിരയിലാണ്.

Leave a comment