ഇവര്‍ കാത്തിരിക്കുന്നു, പൊന്നോമനയുടെ ജീവന്‍ രക്ഷിക്കാന്‍ 25 മില്ലി രക്തത്തിനായി

3572529674_sijoyകോഴിക്കോട് * ഒമാനില്‍ എന്‍ജിനീയറായ പരപ്പനങ്ങാടി സ്വദേശി കെ.എം. സിജോയിയും ഭാര്യ കുറ്റിപ്പുറം തവനൂര്‍ സ്വദേശി അശ്വതിയും തേടുന്നതു വെറും 25 മില്ലി രക്തമാണ്. ഏഴു മാസം പ്രായമുള്ള പൊന്നോമന മകന്‍ സച്ചിന്‍ സിജോയിക്കു ജീവിതത്തിലേക്കു തിരികെ വരാനുള്ള മൂലകോശ ഘടകങ്ങളടങ്ങിയ 25 മില്ലി രക്തം. എവിടെ നിന്നാണതു ലഭിക്കുക? സിജോയിയുടെയും അശ്വതിയുടെയും കണ്ണീരു കലര്‍ന്ന അഭ്യര്‍ഥനയോടു പ്രതികരിക്കുകയാണു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂട്ടായ്മയും സാന്ത്വനപരിചരണ രംഗത്തെ പ്രവര്‍ത്തകരും.

ജനിതക വൈകല്യമെന്നു വിദഗ്ധ ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞ രോഗത്തില്‍നിന്നു (സിവിയര്‍ കംബൈന്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി) മുക്തിനേടാന്‍ കുഞ്ഞു സച്ചിന്റെ ശരീരത്തിനു യോജിച്ച ഡിഎന്‍എ ഘടകങ്ങള്‍ മൂലകോശത്തില്‍നിന്നു കണ്ടെത്തണം. കുറെക്കാലം കൊച്ചിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സച്ചിന്‍. ഫലമുണ്ടായില്ല. ഇപ്പോള്‍ ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലാണ്. യോജിച്ച മൂലകോശം ലഭ്യമായാല്‍ സച്ചിനെ ജീവിതത്തിലേക്കു കൊണ്ടുവരാനാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുപറയുന്നു.

സിജോയ്-അശ്വതി ദമ്പതികളുടെ വിളിയോട് ആദ്യം ക്രിയാത്മകമായി പ്രതികരിച്ചതു ബാംഗ്ലൂര്‍ ആസ്ഥാനമായ സന്നദ്ധസംഘടന ‘ധാത്രിയാണ്. അവരുടെ നേതൃത്വത്തില്‍ പ്രധാന നഗരങ്ങളിലെല്ലാം സച്ചിനുവേണ്ടിയുള്ള മൂലകോശം തേടല്‍ ആരംഭിച്ചുകഴിഞ്ഞു. റസൂല്‍ പൂക്കുട്ടി അടക്കം പ്രമുഖരായ ചിലരും സാംപിള്‍
നല്‍കാന്‍ സന്നദ്ധമായിട്ടുണ്ട്.

കേരളത്തില്‍ പാലക്കാട്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണു സച്ചിനുവേണ്ടി മൂലകോശശേഖരണം നടക്കുക. കോഴിക്കോട്ട് പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന്റെയും കോളജുകളിലെ എന്‍എസ്എസ് വിഭാഗങ്ങളുടെയും മറ്റും ആഭിമുഖ്യത്തില്‍ 22, 23, 24 തീയതികളില്‍ സാംപിള്‍ ശേഖരണം നടക്കും. പാലക്കാട്ട് 20നും 21നും. കൊച്ചിയില്‍ അടുത്തയാഴ്ച. വിവിധ കോളജുകളിലും മറ്റും മൊബൈല്‍ യൂണിറ്റുകളെത്തിയും സാംപിള്‍ ശേഖരിക്കും.

സന്നദ്ധരാകുന്നവരുടെ ഉമിനീരില്‍ നിന്നാണു സാംപിള്‍ ശേഖരിക്കുക. യുഎസിലേക്കു സാംപിളുകള്‍ അയച്ചു പരിശോധിക്കും. അതിന്റെ ഫലം വരാന്‍ രണ്ടുമാസമെടുക്കും. ദാതാവിന് ഒരു തരത്തിലും ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന കാര്യമല്ലിത്.

1972519_10202615953071757_297333930_n

Leave a comment