ഇടുക്കിയില്‍ ഡീന്‍ തോറ്റാല്‍ ഉത്തരവാദി ബല്‍റാം

Balram-Deanകൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയില്‍ വി ടി ബല്‍റാം എംഎല്‍എക്കെതിരെ വിമര്‍ശനം. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് പരാജയപ്പെട്ടാല്‍ ബല്‍റാമാണ് ഉത്തരവാദിയെന്നാണ് വിമര്‍ശം.

കൊച്ചിയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ സി ആര്‍ മഹേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് വി ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ബല്‍റാമിനായിരിക്കുമെന്ന് ഭൂരിഭാഗം എക്‌സിക്യുട്ടീവ് അംഗങ്ങളും അഭിപ്രായപ്പെട്ടു.

ഇടുക്കിയില്‍ പി ടി തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ തന്നെ ബല്‍റാമിന് അഭിപ്രായപ്രകടനം നടത്താമായിരുന്നെന്നും ഡീന്‍ കുര്യാക്കോസ് സ്ഥാനാര്‍ത്ഥിയായ അവസരത്തില്‍ തന്നെ അത്തരത്തിലൊരു അഭിപ്രായ പ്രകടനം പാടില്ലായിരുന്നെന്നും കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു.

നേരത്തെ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെതിരെ വി ടി ബല്‍റാം നികൃഷ്ടജീവി പ്രയോഗം നടത്തിയിരുന്നു. ഇതിനെതിരെ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും അടക്കമുള്ളവര്‍ രംഗത്തെത്തി.

ബല്‍റാമിനെതിരെ ഡീന്‍ കുര്യാക്കോസും രംഗത്തെത്തി. ബല്‍റാമിന്റ പ്രസ്താവന അനവസരത്തിലാണെന്നും ഇടുക്കി രൂപതയുമായി കോണ്‍ഗ്രസിന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഡീന്‍ പ്രതികരിച്ചു.

അതേസമയം നികൃഷ്ടജീവി പ്രയോഗത്തില്‍ ബല്‍റാം ഖേദം പ്രകടിപ്പിച്ചു.

അതേസമയം സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞവരാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രാതിനിധ്യം കുറവാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

Leave a comment