വയനാട്ടിലെ കാട്ടുതീയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന

Fireമാനന്തവാടി: വയനാട്ടിലെ കാട്ടുതീയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സംശയം. ഒരേ സമയം ഏഴിടങ്ങളില്‍ തീപടര്‍ന്നതാണ് സംശയത്തിന് കാരണമായത്. വനത്തിന് തീയിടുന്ന ദൃശ്യങ്ങള്‍ നശിപ്പിച്ചതായി പരിസ്ഥിതി പ്രവര്‍ത്തകന്‍ അന്‍വര്‍ ഇന്ത്യാവിഷനോട് വെളിപ്പെടുത്തി.

ദൃശ്യം പകര്‍ത്തുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ എത്തി തന്നെ മര്‍ദ്ദിച്ചു. ക്യാമറ തകര്‍ത്ത്, മെമ്മറി കാര്‍ഡ് കൈക്കലാക്കി. അവധിദിനത്തിലെ ആസൂത്രിത നീക്കമാണ് നടന്നതെന്നും അന്‍വര്‍ പറഞ്ഞു. മര്‍ദനമേറ്റ ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അന്‍വറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ തിരുനെല്ലി പോലീസ് കേസെടുത്തിട്ടുണ്ട്.

ഇതേസമയം കാട്ടുതീയ്ക്ക് പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച് വനം വിജിലന്‍സ് വകുപ്പ് അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അന്വേഷിച്ച ശേഷം നടപടിയെടുക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

20 കി.മീ ചുറ്റളവില്‍ 1200ഓളം ഏക്കര്‍ വനമാണ് ഞായറാഴ്ച കത്തിനശിച്ചത്. വന്‍ മരങ്ങളും തീയില്‍ നശിച്ചു. നിരവധി വന്യജീവികള്‍ അഗ്‌നിക്കിരയായി. സമീപത്തു താമസിക്കുന്ന ഏതാനും വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെ തുണ്ടുകാപ്പിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നു.

10 വര്‍ഷത്തിനിടെ വയനാട്ടില്‍ ഉണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിതെന്ന് വനം വകുപ്പ് പറയുന്നു.

വനം തീയിടുമെന്ന സ്‌പെഷ്യന്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചതായി റിപ്പോര്‍ട്ടുണ്ട്. കടുവാ ഭീതി, കസ്തൂരി രംഗന്‍ വിഷയങ്ങളെ തുടര്‍ന്നായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Leave a comment