ടിപി വധക്കേസ്: പാര്‍ട്ടി നടപടി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് വിഎസ്

V-S-Achuthanandhanആലപ്പുഴ: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പാര്‍ട്ടി നടപടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്‌ വി എസ് അച്യുതാനന്ദന്‍. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. കൊലയില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്ന് ടിപിയുടെ കുടുംബം സംശയിച്ചു. സഹപ്രവര്‍ത്തകരെ കൊല്ലുകയെന്നത് പാര്‍ട്ടി അജണ്ടയല്ലെന്നും ഇക്കാര്യം പര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും വി എസ് പറഞ്ഞു.

ആര്‍എസ്പി എല്‍ഡിഎഫ് മുന്നണി വിട്ട് പോയത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല. മാത്രമല്ല സ്വതന്ത്രരരെ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാല്‍ തെറ്റില്ലെന്നും ഇതിനു മുമ്പും പാര്‍ട്ടി സ്വതന്ത്രരെ നിര്‍ത്തിയിട്ടുണ്ടെന്നും വി എസ് പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനെ സി.പി.ഐ.എം പുറത്താക്കിയിരുന്നു. കോടതി ശിക്ഷിച്ച പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്‍, ബ്രാഞ്ച് അംഗം ട്രൗസര്‍ മനോജ് എന്നിവര്‍ക്കെതിരെ നടപടിയുണ്ടായില്ല. രാമചന്ദ്രന് ചന്ദ്രശേഖരനോടുളള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പി.ബി. നിയോഗിച്ച കമ്മീഷന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍.

കമ്മീഷന്‍ അംഗങ്ങളായിരുന്നവര്‍ ആരൊക്കെയാണെന്ന് സംസ്ഥാന കമ്മിറ്റിയിലും പറഞ്ഞില്ല.

Leave a comment