പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

image008ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് തൊഴിലെടുക്കുന്ന സ്ഥലങ്ങളില്‍ തന്നെ വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കണം എന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ ഹര്‍ജി. നേരിട്ടെത്തിയാല്‍ മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂവെന്ന ജനപ്രാതിനിത്യ നിയമത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യണം. വിദേശത്ത് തന്നെ വോട്ട് രേഖപ്പെടുത്തുന്നതിന് ഉചിതമായ സംവിധാനം കണ്ടെത്താന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ പാര്‍ലമെന്റ് കൊണ്ടുവന്ന ഭേദഗതി ഫലപ്രദമല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.ഭേദഗതി നിലവില്‍ വന്നിട്ടും ഒരു കോടി 37,000ത്തില്‍പ്പരം പ്രവാസി ഇന്ത്യക്കാരില്‍ 11,000 പേര്‍ മാത്രമേ ഇതുവരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യുന്ന സ്ഥലത്ത് തന്നെ വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ഭാരതീയ സമാന്‍ നേതാവ് ഡോ. ഷംസീര്‍ വിപിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ നേരിട്ടെത്തണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതി ഭരണഘടനാപരമല്ല. സാമ്പത്തികശേഷിയുള്ള പ്രവാസികള്‍ക്ക് മാത്രമേ നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താനാകൂ എന്നതിനാല്‍ പുതുതായി ഉള്‍പ്പെടുത്തിയ 20 എ വകുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. മുഴുവന്‍ പ്രവാസികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നതിനായി ഹര്‍ജിയില്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

പോസ്റ്റല്‍ വോട്ട്, കമ്പ്യൂട്ടറോ ഫോണോ ഉപയോഗിച്ചുള്ള ഇലക്ട്രോണിക്ക് വോട്ടിംഗ്, സ്ഥാനപതി കാര്യാലയങ്ങളില്‍ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം, നാട്ടിലുള്ള പ്രതിനിധിയെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കല്‍ എന്നിവയാണ് നിര്‍ദേശങ്ങള്‍. ഇതില്‍ ഒന്നിലധികം നിര്‍ദേശങ്ങള്‍ അനുവദിക്കണം. ഫലപ്രദമായ സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

നിലവില്‍ 114 ലോകരാഷ്ട്രങ്ങളാണ് പ്രവാസികള്‍ക്ക് വിദേശത്ത് വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുള്ളത്

Leave a comment