അമ്പമ്പോ ഇതൊരു വല്ലാത്ത യന്ത്രം തന്നെ!

imageനൂറു കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് തെരഞ്ഞെടുപ്പു നടത്തുകയെന്നതു വലിയ കടമ്പതന്നെ. അതിന്റെ ഫലം പ്രഖ്യാപിക്കല്‍ അതിലേറെ വിഷമം പിടിച്ചതും. പണ്ടൊക്കെ ജയിച്ചതാരെന്നറിയാന്‍ പാതിരാവരെ കാത്തിരിക്കണമായിരുന്നു. പെട്ടിയിലെ ഓരോ ബാലറ്റും തുറന്നു എണ്ണി വരുമ്പോള്‍ നേരം വെളുക്കും. ഇന്നു കാലം മാറി.. കഥ മാറി.. എല്ലാം ഓട്ടോമാറ്റിക്. വോട്ട് ചെയ്യാനും ഫലമറിയാനുമൊക്കെ ഒരു സ്വിച്ച് അമര്‍ത്തിയാല്‍ മതി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ വരവ് തെരഞ്ഞെടുപ്പിന്റെ തലവര മാറ്റി.

സമയലാഭം മാത്രമല്ല നേട്ടം. വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വന്നതുകൊണ്ടു ലാഭം പതിനായിരക്കണക്കിന് മെട്രിക് ടണ്‍ പേപ്പറുകളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 10,000 ടണ്‍ പേപ്പര്‍ ഉണ്ടാക്കണമെങ്കില്‍ എത്ര മരം വെട്ടേണ്ടിവന്നേനെ?അപ്പോള്‍, തെരഞ്ഞെടുപ്പു കുറ്റമറ്റതാക്കാന്‍ സഹായിക്കുന്ന ഈ യന്ത്രങ്ങള്‍ മരങ്ങള്‍ക്കും ഒരു വരം തന്നെയാണ്.

ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തിരുന്നിടത്താണ് ഇന്നു വോട്ടിംഗ് യന്ത്രങ്ങള്‍ സ്ഥാനംപിടിച്ചിരിക്കുന്നത്. പെട്ടീ.. പെട്ടീ.. ബാലറ്റുപെട്ടി എന്നു നീട്ടി പാടിയിരുന്ന ആ കാലത്തെ വോട്ടെടുപ്പ് കാഴ്ച ഓര്‍മകളിലേക്കു തിരുകിയതും ഈ യന്ത്രങ്ങളാണ്. 1996ലെ പൊതു തെര‍ഞ്ഞെടുപ്പില്‍ അച്ചടിച്ച ബാലറ്റ് പേപ്പര്‍ 8,800 ടണ്‍ ആണ്. 1999ല്‍ നടന്ന തെരഞ്ഞെടുപ്പു നടത്താന്‍ 7,700 ടണ്‍ പേപ്പര്‍ വേണ്ടിവന്നു. ഈ തെരഞ്ഞെടുപ്പില്‍ കുറേയിടത്തു പരീക്ഷണാടിസ്ഥാനത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചു.

രാജ്യത്ത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ആദ്യമായി പരീക്ഷിച്ചതു കേരളത്തിലാണ്. 1982ല്‍ പറവൂര്‍ ഉപതെരഞ്ഞെടുപ്പിന്. 1989ല്‍ പാര്‍ലമെന്റ് വോട്ടിംഗ് യന്ത്രത്തിന്റെ ഉപയോഗത്തിന് നിയമപ്രാബല്യം നല്‍കി. 2004ലെ പൊതു തെരഞ്ഞെടുപ്പിലാണ് രാജ്യത്ത് വ്യാപകമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത്. അന്ധരായ സമ്മതിദായകര്‍ക്ക് പരസഹായം കൂടാതെ സമ്മതിദാനം രേഖപ്പെടുത്താനുള്ള സംവിധാനം ഇപ്പോള്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ 543 പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ – മേയ് മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പു പൂര്‍ണമായി ഇലക്ട്രോണിക് ബാലറ്റിലൂടെയാണ്. പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണു ബാലറ്റ് പേപ്പറിലൂടെയുള്ളത്. ബാലറ്റ് യന്ത്രങ്ങളില്‍ ആദ്യമായി നോട്ട ബട്ടണ്‍ എത്തുന്നത് ഇത്തവണത്തെ പ്രത്യേകത. ഒരു സ്ഥാനാര്‍ഥിക്കും വോട്ട് രേഖപ്പെടുത്താന്‍ സമ്മതിദായകനു താത്പര്യമില്ലെങ്കില്‍ നോട്ടയ്ക്കു കുത്താം.

Leave a comment