ആറാഴ്ച മുമ്പ് മരിച്ച ഗുരു ഫ്രീസറില്‍; തിരിച്ചു വരുന്നത് കാത്ത് ഭക്തജനങ്ങള്‍

image (1)ദില്ലി: ആറാഴ്ച മുമ്പ് മരിച്ചതാണ് ഗുരു. മൃതദേഹം അതിനുശേഷം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍, ഗുരു സമാധിയിലാണെന്നും ധ്യാനാവസ്ഥ കഴിഞ്ഞ് ഉടന്‍ തിരിച്ചു വരുമെന്നുമുള്ള വിശ്വാസത്താല്‍ കാത്തിരിക്കുകയാണ് ഭക്തര്‍. പഞ്ചാബിലെ നൂര്‍മഹല്‍ എന്ന ചെറു പട്ടണത്തിലെ ആശ്രമത്തിലാണ് സംഭവം.

ദിവ്യജ്യോതി ജാഗ്രതി സംസ്ഥാന്‍ എന്ന വിഭാഗത്തിന്റെ ഗുരുവായ 70കാരനായ അഷുതോഷ് മഹാരാജ് ജനുവരി 29നാണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണമെന്നാണ് ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, ഗുരു മരിച്ചിട്ടില്ലെന്നും സമാധിയില്‍ പോയതാണെന്നും വൈകാതെ തിരിച്ചു വരുമെന്നുമാണ് ആശ്രമത്തിന്റെ വക്താവ് വിശാലാനന്ദ പറയുന്നത്. മറ്റ് ഭക്തരും ഇതു തന്നെയാണ് പറയുന്നത്. ഗുരു ധ്യാനത്തില്‍ നിന്ന് ഉണരുന്നത് കാത്തിരിക്കുകയാണ് അവരെല്ലാം.ഇതിനായി ആശ്രമത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടക്കുകയാണ്. ഭക്ത ജനങ്ങള്‍ പ്രത്യേക ധ്യാനം അനുഷ്ഠിക്കുകയാണ്.

താന്‍ തിരിച്ചെത്തുന്നതു വരെ ഭൌതിക ദേഹം സൂക്ഷിക്കണമെന്ന് ധ്യാനത്തിലിരിക്കുന്ന ഭക്തരോട് സമാധിയിലുള്ള ഗുരു ആവശ്യപ്പെട്ടതായി ആശ്രമ വക്താവ് പറഞ്ഞു. ഗുരുവിന്റെ മൃതദേഹം സംസ്കരിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഡ്രൈവര്‍ ഈയിടെ കോടതിയെ സമീപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണം ഉറപ്പു വരുത്തുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച ശേഷം കോടതി ഇക്കാര്യം തീരുമാനിക്കേണ്ടത് ആശ്രമ അധികൃതരാണെന്നാണ് ഉത്തരവിട്ടത്. ഈ പ്രശ്നത്തില്‍ പൊലീസ് ഇടപടില്ലെന്ന് പൊലീസ് വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

Leave a comment