പട്ടാപ്പകല്‍ നഗരമധ്യത്തില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച യുവാക്കള്‍ ഉടുപ്പഴിച്ചു

image (2)മുംബൈ: മഹാനഗരത്തിലെ തിരക്കേറിയ റോഡില്‍ പട്ടാപ്പകല്‍ 18 കാരിയെ ഒരു സംഘം യുവാക്കള്‍ ഉപദ്രവിച്ച ശേഷം ഉടുപ്പുകള്‍ വലിച്ചഴിച്ചു. ഇവരില്‍നിന്ന് രക്ഷപ്പെടാന്‍ സമീപത്തെ റസ്റ്റോറന്റില്‍ കയറിയ യുവതിയെ കടക്കാര്‍ പുറത്തു നിര്‍ത്തി. ഒരു വഴിയാത്രക്കാരനും പൊലീസുമാണ് ഒടുവില്‍ കുട്ടിയുടെ രക്ഷക്കെത്തിയത്. സംഭവം നടന്ന ഉടന്‍ തന്നെ ഒരു പ്രതി അറസ്റ്റിലായി. എന്നാല്‍, പരാതി നല്‍കാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതിനാല്‍ കേസ് എടുക്കാന്‍ വൈകി. പിന്നീട് പൊലീസ് കുട്ടിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടശേഷമാണ് പരാതി നല്‍കിയത്. തുടര്‍ന്ന് രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

വൈകിട്ട് നാലരയോടെ കാന്ദിവിലിയിലെ ഹിന്ദുസ്ഥാന്‍ നാക അമന്‍ വെല്‍ഫയര്‍ സൊസൈറ്റിക്ക് തൊട്ടടുത്താണ് സംഭവം. മലാദ് സ്വദേശിയായ പെണ്‍കുട്ടി കൂട്ടുകാരിക്കൊപ്പം ബാന്ദ്രയില്‍നിന്ന് ഓട്ടോറിക്ഷയില്‍ വരികയായിരുന്നു. കാശ് തികയാത്തതിനാല്‍ വഴയരികില്‍ താമസിക്കുന്ന ബന്ധുവിന്റെ കൈയില്‍ നിന്ന് വാങ്ങി വരാമെന്ന് പറഞ്ഞ് കൂട്ടുകാരി ഇറങ്ങി. കൂട്ടുകാരി വരാതായപ്പോള്‍ അവളെ തിരക്കി പോവാന്‍ പെണ്‍കുട്ടി തുനിഞ്ഞു. എന്നാല്‍, ഓട്ടോ ഡ്രൈവര്‍ വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് സ്വന്തം മൊബൈല്‍ ഫോണ്‍ അയാളെ ഏല്‍പ്പിച്ച് പോയി വരാമെന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും ഓട്ടോ ഡ്രൈവര്‍ സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു.

ഇതു കേട്ടാണ് സമീപത്തു ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന ഒരു സംഘം ചെറുപ്പക്കാര്‍ അവിടേക്കു വന്നത്. ബഹളം തുടങ്ങിയപ്പോള്‍ പെണ്‍കുട്ടി അവിടെ നിന്ന് സ്ഥലം വിടാന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ വളഞ്ഞു വെച്ചു ഉപദ്രവിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് പിടിച്ച യുവാക്കള്‍ വസ്ത്രം വലിച്ചഴിക്കാന്‍ ശ്രമിക്കുകയും ശരീരത്തില്‍ കൈയേറ്റം ചെയ്യുകയും ചെയ്തു. സമീപത്തെ റസ്റ്റോറന്റിലേക്ക് രക്ഷക്കായി ഓടിയ പെണ്‍കുട്ടിയെ എന്നാല്‍, ഹോട്ടലുകാര്‍ അകത്തു കടക്കാന്‍ അനുവദിച്ചില്ല.

വഴിയില്‍നിന്ന് നിലവിളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു ബൈക്ക് യാത്രികനാണ് രക്ഷിച്ചത്. ഇതിനിടെ സ്ഥലത്തെത്തിയ ഒരു പൊലീസുകാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചവരില്‍ ഒരാളെ പിടികൂടി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. സമീപത്തെ പൊലീസ് ഔട്ട് പോസ്റ്റില്‍ കുട്ടിയെ എത്തിച്ചെങ്കിലും പരാതി നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് സംഭവത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തിയ ശേഷമാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് രണ്ടു പേരെ കൂടി കസ്റ്റഡിയില്‍ എടുത്തത്.

കെട്ടിട നിര്‍മാണ തൊഴില്‍ ചെയ്യുന്ന പ്രദേശവാസികളായ മൂന്ന് പേരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a comment