ചുംബനം കൈമാറാനും മൊബൈല്‍ ആപ്പ്

03089_561908എത്ര ദൂരെയിരുന്നും മൊബൈല്‍ ഫോണ്‍ ചുണ്ടോടടുപ്പിച്ച് ഇഷ്ടപ്പെട്ടവര്‍ക്ക് ചുംബനം കൈമാറാനും സംവിധാനമായി. സന്ദര്‍ഭത്തിന് അനുസരിച്ച് വേണമെങ്കില്‍ അല്പസമയമെടുത്തും ശബ്ദം കേള്‍പ്പിച്ചുമൊക്കെ ഇനി ഉമ്മവെയ്ക്കാം-ഗേള്‍ഫ്രണ്ടിനോ, ബോയ്ഫ്രണ്ടിനോ, അച്ഛനോ, മുത്തച്ഛനോ, മക്കള്‍ക്കോ ആര്‍ക്ക് വേണമെങ്കിലും. ഫ്രഞ്ചും ചൂടനും എന്നല്ല ഏതുതരം ചുംബനവും.

ഇതിനായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ വി.ബി.എസ് ( Volmacht Business Solutions ) എന്ന കമ്പനിയാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്‍, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, ആപ്പിളിന്റെ ആപ് സ്റ്റോറില്‍ നിന്നോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

പരസ്പര സമ്മതത്തോടെ കൈമാറുന്ന ചിത്രത്തിലേക്ക് ചുംബനം അയക്കാനുള്ള ആപ്ലിക്കേഷന് ‘കിസ് എം.എസ്’ ( KissMs ) എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്.

എസ്. എം.എസ് സംവിധാനത്തെത്തന്നെ മാറ്റിമറിക്കുന്നതാണ് തങ്ങള്‍ ഒരുവര്‍ഷം കൊണ്ട് വികസിപ്പിച്ച കിസ് എം.എസ് എന്ന് വി.ബി.എസ് സി.ഇ.ഒ ബാദുഷ ഗുലാം ഖാദറും മാനേജിങ് ഡയറക്ടര്‍ മഹേഷ് ബാബുവും ഡയറക്ടര്‍ ശ്യാം എസ്സും പത്രസമ്മേളനത്തില്‍ അറിയിച്ചു. വികാരപ്രകടനത്തിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ന സ്വപ്നമാണ് യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് അവര്‍ പറയുന്നു.

എത്ര സമയമെടുത്താണ് ഉമ്മവെച്ചത്, ഏത്രദൂരെ നിന്നാണ് ഉമ്മ വരുന്നതെന്നൊക്കെ സ്വീകര്‍ത്താവിന് അറിയാം. പബ്ലിക് പ്രൊഫൈല്‍ ഇല്ലാത്തതിനാല്‍ ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട ചിത്രം അയച്ചുവേണം ചുംബനം കൈമാറാന്‍. അതിനാല്‍ത്തന്നെ സ്വകാര്യത നഷ്ടപ്പെടില്ല. പാസ് വേര്‍ഡ് ഉള്ളതിനാല്‍ ഇഷ്ടപ്പെടാത്ത ആര്‍ക്കും കടന്നുകയറി ഉമ്മ കൈമാറാനുമാവില്ല.

പ്രൊഫൈല്‍ ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് ഡിസ് ലൈക്ക് ചെയ്യാം. പരിഭവമാണേല്‍ ചുംബനം വാങ്ങാതിരിക്കാം. പിണക്കം മാറിയാല്‍ അവയൊക്കെ വാങ്ങാം. അധരം പോലെ തിരഞ്ഞെടുക്കുന്ന ചുംബന അടയാള (കിമോജി) ങ്ങളാണ് ചിത്രത്തില്‍ പതിയുക.

)

Leave a comment