ഈ വിമാനങ്ങള്‍ എവിടെ മറഞ്ഞു

kc30usaf_2nd_20080519മലേഷ്യയില്‍ നിന്നു 239 യാത്രക്കാരുമായി ചൈനയിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അകാശമധ്യേ എവിടെയോ അപ്രത്യക്ഷമായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. തീവ്രവാദ ബന്ധം ഉള്‍പ്പെടെയുള്ള ചുരുളഴിയാത്ത ദുരൂഹതകളും അഭ്യൂഹങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്. ഇതിനിടെ വിമാനത്തിലെ രണ്ടു യാത്രക്കാരുടെ പാസ്‍പോര്‍ട്ട് വ്യാജമാണെന്ന് വാര്‍ത്തയും പുറത്തുവന്നുകഴിഞ്ഞു. ചരിത്രത്തില്‍ ദുരൂഹതയില്‍ പൊതിഞ്ഞ ഒട്ടേറെ വിമാനാപകടങ്ങളുണ്ട്. ഇന്നുവരെ ചുരുളഴിയാത്ത ലോകത്തിലെ ഏതാനും വിമാന അപകടങ്ങളും അപ്രത്യക്ഷമാകലുകളും…

ആകാശത്തില്‍ മാഞ്ഞുപോയ അമേലിയ

അത്‌ലാന്റിക് സമുദ്രത്തിലൂടെ ഒറ്റയ്ക്ക് പറന്ന ആദ്യ വനിതയാണ് അമേലിയ എയര്‍ഹാര്‍ട്ട്. 1897 ജൂലൈ 24ന് അമേരിക്കയിലെ കാന്‍സാസിലാണ് എയര്‍ഹാര്‍ട്ട് ജനിച്ചത്. 1930 മെയ് 20ന് അവരുടെ 33 മത്തെ വയസ്സില്‍ അമേരിക്കയിലെ ന്യൂഫൗണ്ട്‌ലാന്റിലുള്ള ഹാര്‍ബര്‍ ഗ്രേസില്‍ നിന്നും വടക്കന്‍ അയര്‍ലന്റിലെ കല്‍മോറിലേക്ക് ഒറ്റയ്ക്ക് പറന്ന് ചരിത്രത്തിലിടം നേടാന്‍ എയര്‍ഹാര്‍ട്ടിന് സാധിച്ചു. 14 മണിക്കൂറും 56 മിനുട്ടുമായിരുന്നു ഈ പറക്കലിന്റെ ദൈര്‍ഘ്യം. എന്നാല്‍ 1937 ജൂലൈ രണ്ടിന് പസഫിക് സമുദ്രത്തിന് സമീപത്തുള്ള ഹൗലാന്റ് ദ്വീപിന് മുകളില്‍ വെച്ച് ലോകം ചുറ്റിപ്പറക്കാനുള്ള ശ്രമത്തിനിടെ അപ്രത്യക്ഷമായ അമേലിയയെന്ന സാഹസിക വൈമാനികയുടെ ജീവിതത്തിന്റെ അന്ത്യം ഇപ്പോഴും അജ്ഞാതമാണ്. വിമാനം കടലില്‍ തകര്‍ന്നുവീണുവെന്നും അതല്ല, ചാരവനിതയായിരുന്ന അമേലിയയെ ജപ്പാന്‍ പിടികൂടിയെന്നും ഇതൊന്നുമല്ല, അമേലിയയെ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയെന്നുമുള്ള നിരവധി കഥകളാണ് പിന്നീട് പുറത്തുവന്നത്. എന്നാല്‍ അമേലിയയുടെ തിരോധാനം ഇന്നും അജ്ഞാതമാണ്.

ഇംഗ്ലീഷ് ചാനലിനു മുകളില്‍ അപ്രത്യക്ഷമായ ഗ്ലെന്‍ മില്ലര്‍

അമേരിക്കയിലെ ബിഗ് ബാന്‍ഡ് സംഘത്തിന്റെ തലവനായിരുന്നു ഗ്ലെന്‍ മില്ലര്‍. 1944 ഡിസംബര്‍ 14 ന് പാരീസിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മില്ലര്‍ യാത്ര ചെയ്തിരുന്ന വ്യോമസേനാ വിമാനം ഇംഗ്ലീഷ് ചാനലിനു മുകളില്‍വെച്ച് അപ്രത്യക്ഷമാകുന്നത്. വിമാനത്തിന് തീപിടിച്ച് കടലില്‍ തകര്‍ന്നു വീണുവെന്നും അതല്ല, പാരിസിലെത്തിയ മില്ലര്‍ അജ്ഞാത സ്ഥലത്ത് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞതായുമുള്ള സിദ്ധാന്തങ്ങള്‍ പുറത്തുവന്നു. എന്നാല്‍ ഇതിനൊന്നും വ്യക്തമായ തെളിവുകളുണ്ടായില്ല. ഗ്ലെന്‍ മില്ലര്‍ എവിടെ എന്ന ചോദ്യത്തിനു ഇന്നും ഉത്തരമില്ല.

ഫ്ലൈറ്റ് 19 ഉം ബെര്‍മുഡ ത്രികോണവും

വര്‍ഷങ്ങളോളം ശാസ്ത്രത്തിനു മുന്നില്‍ പോലും പ്രഹേളികയായിരുന്നു ചെകുത്താന്റെ ത്രികോണം അഥവാ ബര്‍മുഡ ത്രികോണം. ഉത്തര അറ്റ്‍ലാന്റിക് സമുദ്രത്തിലെ ഈ നിഗൂഢ പ്രദേശത്തെക്കുറിച്ച് ഇന്നും ഒട്ടേറെ വിശദീകരണങ്ങളും വാദങ്ങളും നിലവിലുണ്ട്. 1945 ഡിസംബര്‍ അഞ്ചിന് ഉച്ചതിരിഞ്ഞാണ് 14 പേരുമായി ഫ്ലൈറ്റ് 19 വിമാനം ബര്‍മുഡ ത്രികോണത്തില്‍ അപ്രത്യക്ഷമായത്. പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിനു ശേഷം ബര്‍മുഡ ത്രികോണത്തിനു സമീപത്തുവെച്ച് വിമാനവുമായുള്ള ബന്ധം എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമായി. തെരച്ചിന് വിദഗ്ധ സംഘം ഇറങ്ങിത്തിരിച്ചെങ്കിലും ഫ്ലൈറ്റ് 19 വിമാനത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തെരച്ചിലിനു പോയ ഒരു വിമാനം കൂടി അപ്രത്യക്ഷമായതോടെ ദുരൂഹതകള്‍ ഏറി. ഈ വിമാനത്തിലുണ്ടായിരുന്ന 13 പേരും ഒരു മൂടല്‍മഞ്ഞുപോലെ മാഞ്ഞു.

ആന്‍ഡസ് പര്‍വതനിരയിലെ ദുരൂഹത

1947 ആഗസ്റ്റ് രണ്ടിന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്നു ചിലിയിലെ സാന്റിയാഗോയിലേക്ക് പോയ ബ്രിട്ടീഷ് സൌത്ത് അമേരിക്കന്‍ എയര്‍വേസിന്റെ വിമാനം ഒരു മഴവില്ല് മായുംപോലെയാണ് അപ്രത്യക്ഷമായത്. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നു ബന്ധം വിച്ഛേദിക്കുന്നതിനു മുമ്പ് പൈലറ്റ് കോഡ് ഭാഷയില്‍ ഒരു സന്ദേശം അയച്ചു, “STENDEC”. അന്യഗ്രഹ ജീവികളുടെ ആക്രമണവും വിമാന അട്ടിമറിയും അടക്കം നിരവധി വിശദീകരണങ്ങള്‍ വന്നെങ്കിലും പൈലറ്റിന്റെ സന്ദേശവും വിമാനവും ഇന്നും നിഗൂഢത നിറഞ്ഞുനില്‍ക്കുന്നു. അപകടം നടന്ന് അരനൂറ്റാണ്ട് പിന്നിട്ട ശേഷം സ്റ്റാര്‍ ഡസ്റ്റ് വിമാനത്തിന്റെ എഞ്ചിന്‍ രണ്ടു അര്‍ജന്റീനന്‍ പര്‍വതാരോഹകര്‍ കണ്ടെത്തി. എന്നാല്‍ വിമാനത്തിനു എന്തു സംഭവിച്ചുവെന്ന് ഇന്നും അജ്ഞാതം.

ബെര്‍മുഡ ത്രികോണം വിഴുങ്ങിയ സ്റ്റാര്‍ ടൈഗര്‍

1948 ജനുവരി 30 നാണ് ബ്രിട്ടീഷ് സൌത്ത് അമേരിക്കന്‍ എയര്‍വേസിന്റെ മറ്റൊരു വിമാനം ബര്‍മുഡ ത്രികോണം വിഴുങ്ങുന്നത്. സാന്റാ മരിയയില്‍ നിന്നു പറന്നുയര്‍ന്ന വിമാനത്തിലുണ്ടായിരുന്നത് 25 യാത്രക്കാര്‍. രണ്ടാം ലോക മഹായുദ്ധത്തിലെ ഹീറോ എയര്‍ മാര്‍ഷല്‍ ആര്‍തര്‍ കൊനിന്‍ഗാമും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 12 മണിക്കൂര്‍ നീണ്ട യാത്ര. ഇതിനിടയില്‍ വിമാനത്തെ കാറ്റുകൊണ്ടുപോയി. മോശം കാലാവസ്ഥയില്‍ ദിക്ക് തെറ്റിയ വിമാനം നേരെ ബെര്‍മുഡ ത്രികോണത്തിലേക്ക്. തെരച്ചിലിന് ഉടന്‍ തന്നെ രക്ഷാവിമാനം സ്ഥലത്തെത്തിയെങ്കിലും സ്റ്റാര്‍ ടൈഗറിനെ കണ്ടെത്താനായില്ല.

അറ്റ്‍ലാന്റിക്കിനെ ആഴപ്പരപ്പില്‍ എയര്‍ബസ്

2009 ല്‍ 288 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഫ്രാന്‍സ് വിമാനാപകടം. അറ്റ്‍ലാന്റിക് സമുദ്രത്തിന്റെ ആഴപ്പരപ്പില്‍ അപ്രത്യക്ഷമായ എ 330 എയര്‍ബസിന്റെ അവശിഷ്ടങ്ങള്‍ രണ്ടര വര്‍ഷത്തിനു ശേഷം കണ്ടെത്തി. റോബോട്ട് പ്രവര്‍ത്തിപ്പിക്കുന്ന കാമറകള്‍ ഘടിപ്പിച്ച മുങ്ങിക്കപ്പലുകള്‍ ഉപയോഗിച്ച് നീണ്ടകാലം നടത്തിയ തെരച്ചിലിന് ശേഷമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സമുദ്രത്തില്‍ രണ്ടര മൈല്‍ ആഴത്തിലാണ് വിമാനം കണ്ടെത്തിയത്. വിമാനത്തില്‍ നൂറുകണക്കിന് ശവശരീരങ്ങളും കണ്ടെത്തി. റിയോ ഡി ജനീറോയില്‍നിന്നു ഫ്രാന്‍സിലേക്കു പറന്ന എയര്‍ബസ് വിമാനം 2009 ജൂണ്‍ ഒന്നിന് സമുദ്രത്തില്‍ വീണ് കാണാതാവുകയായിരുന്നു. എയര്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്. അപകടത്തിനു തൊട്ടുപിന്നാലെ നടത്തിയ തെരച്ചിലില്‍ അമ്പതോളം മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും തുടര്‍ന്നുള്ള ശ്രമങ്ങള്‍ നിഷ്ഫലമായി. എയര്‍ ഫ്രാന്‍സ്, എയര്‍ബസ് കമ്പനികള്‍ 80 ലക്ഷത്തോളം പൗണ്ടാണ് ഇതുവരെ തെരച്ചിലിന് വേണ്ടി ചെലവിട്ടത്. വിമാനത്തില്‍ മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഉണ്ടായിരുന്നു.

Leave a comment