ഇടുക്കിയില്‍ കോണ്‍ഗ്രസ് തന്നെ; കേരളത്തിലെ സ്ഥാനാര്‍ഥികള്‍ നാളെ

00201_567375ന്യൂഡല്‍ഹി: ഇടുക്കി ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കും. കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇടുക്കി അടക്കം കോണ്‍ഗ്രസ് മത്സരിക്കുന്ന കേരളത്തിലെ പതിനഞ്ച് സീറ്റിലെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്നും സുധീരന്‍ പറഞ്ഞു.

ഇടുക്കി സീറ്റ് വിട്ടുകൊടുക്കുന്നതിലുള്ള കോണ്‍ഗ്രസിന്റെ ബുദ്ധിമുട്ടും പ്രയാസങ്ങളും കേരള കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്ന് സുധീരന്‍ പറഞ്ഞു. അവരുടെ അകവാശവാദം നിലനില്‍ക്കുന്നു എന്നത് ശരിയാണ്. അവര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ടോ എന്ന കാര്യം അറിയിയില്ലെന്നും സുധീരന്‍ പറഞ്ഞു.

സുധീരന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായെങ്കിലും കേരള കോണ്‍ഗ്രസ് ഈ നടപടിയില്‍ അത്ര തൃപ്തരല്ല. പാര്‍ട്ടിയിലെ ജോസഫ് വിഭാഗം ഇതിനെതിരെ പരസ്യമായി തന്നെ പ്രതികരിച്ചുകഴിഞ്ഞു. ഇടുക്കിയില്‍ മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ് തന്നെയാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി നേതാവ് ആന്റണി രാജു പറഞ്ഞു. ഇടുക്കി സീറ്റിലെ അവകാശവാദം പാര്‍ട്ടി ഉപേക്ഷിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി കെ.എം. മാണി പറഞ്ഞത്. മുഖ്യമന്ത്രി, കെ.പി.സി.സി. പ്രസിഡന്റ് എന്നിവരുമായി പി.ജെ. ജോസഫിനൊപ്പം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കെ.എം. മാണി ഇക്കാര്യം പറഞ്ഞത്. ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും മാണി പറഞ്ഞിരുന്നു.

Leave a comment