പൊലീസ് സംരക്ഷണത്തില്‍ കഴിഞ്ഞ ബലാല്‍സംഗ ഇരയെ തട്ടിക്കൊണ്ടുപോയി വീണ്ടും കൂട്ടബലാല്‍സംഗം ചെയ്തു

imageലക്നോ: കൂട്ടബലാല്‍സംഗത്തിനിരയായി പൊലീസ് സംരക്ഷണയില്‍ കഴിയുന്നതിനിടെ പെണ്‍കുട്ടിയെ അക്രമിസംഘം വീണ്ടും തട്ടിയെടുത്ത് കൂട്ടബലാല്‍സംഗം ചെയ്ത് കഴുത്തുഞെരിച്ചശേഷം പാടത്ത് വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കുട്ടിക്ക് സംരക്ഷണം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ രണ്ട് പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോവല്‍. പെണ്‍കുട്ടിയെ കാണാനില്ലെന്നറിഞ്ഞിട്ടും വീട്ടുകാര്‍ അവളെ ഒളിപ്പിച്ചുവെന്ന് ആരോപിച്ച് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു പൊലീസ്.

കാണാതായതിനു പിറ്റേന്ന് അയല്‍ പ്ര്രദേശത്തുള്ള പാടത്ത് അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. താന്‍ വീണ്ടും കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടെന്നും കൊലപ്പെടുത്തുന്നതിന് വേണ്ടി അക്രമികള്‍ കഴുത്തു ഞെരിച്ചശേഷം വലിച്ചെറിയുകയായിരുന്നുവെന്നും പെണ്‍കുട്ടി ഡോക്ടര്‍മാരോട് പറഞ്ഞു. പെണ്‍കുട്ടി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കഴുത്തു ഞെരിച്ചതായും ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍, പെണ്‍കുട്ടിയുടെ നില അത്ര ‘ഗുരുതരമല്ല’ എന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചത്.

പെണ്‍കുട്ടിയുടെ സുരക്ഷക്കായി നിയോഗിച്ച സായുധ പൊലീസുകാര്‍ വീട്ടിന് കാവല്‍ നില്‍ക്കുകയായിരുന്നു. തങ്ങള്‍ ഭക്ഷണം കഴിക്കാന്‍പോയപ്പോഴാണ് തട്ടിക്കൊണ്ടുപോവല്‍ നടന്നതെന്നാണ് പൊലീസുകാര്‍ പറഞ്ഞത്. എന്തോ ശബ്ദം കേട്ട് പൊലീസുകാര്‍ വന്നു നോക്കിയെങ്കിലും ഷൂസ് ധരിക്കാത്തതിനാല്‍ അത് ധരിച്ച് സാവധാനം വന്നു നോക്കുകയായിരുന്നു. ഇതിനകം തട്ടിക്കൊണ്ടുപോവല്‍ നടന്നിരുന്നു. എന്നാല്‍, സംഭവം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് പൊലീസുകാര്‍ എത്തിയതെന്നാണ് വിവരം.

ഫിറോസാബാദിലെ 18 ഗ്രാമങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള ദല്‍ബീര്‍ സിങ് എന്നയാളാണ് ആദ്യ ബലാല്‍സംഗ കേസിലെ മുഖ്യപ്രതി. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി എം.എല്‍.എയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഇയാളും ഭാര്യയുമായിരുന്നു. സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനമുള്ള ആളാണ് ഈ എം.എല്‍.എ. കൂട്ടബലാല്‍സംഗം നടന്ന ശേഷം പൊലീസ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യപ്രതിക്കെതിരെ ഒരന്വേഷണവും പൊലീസ് നടത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജെറാഗാവ് ഗ്രാമത്തിലുള്ള വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തത്. തുടക്കത്തില്‍ കേസ് എടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. രണ്ട് ആഴ്ചകള്‍ക്ക് ശേഷം ജില്ലാ പൊലീസ് സൂപ്രണ്ട് ഇടപെട്ടതിനു ശേഷമാണ് പൊലീസ് കേസ് എടുക്കാന്‍ തയ്യാറായത്. 14 ദിവസത്തിനു ശേഷമാണ് വൈദ്യ പരിശോധന പോലും നടന്നത്. ഇതിനാല്‍ സുപ്രധാനമായ തെളിവുകളൊന്നും ലഭിക്കാതായി. മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറായില്ല.

ഡിസംബര്‍ 22ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ലക്നൌ ജില്ലാ ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ വ്യക്തമായി.തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം അന്നത്തെ ഡി.ജി.പിയെ സമീപിച്ചു. അദ്ദേഹമാണ് പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടത്. ഗര്‍ഭഛിദ്രം നടത്തിയ ശേഷം ഭ്രൂണം ഡി.എന്‍.എ പരിശോധന നടത്തി പ്രതികള്‍ക്കെതിരെ തെളിവ് ശേഖരിക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു. എന്നാല്‍, പൊലീസ് ഇതിനൊന്നിനും തയ്യാറായിരുന്നില്ല.

ഇതിനൊക്കെ ശേഷമാണ്, പൊലീസ് കാവലിനിടെ പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗം ചെയ്ത് വലിച്ചെറിഞ്ഞത്.

Leave a comment