തെരഞ്ഞെടുപ്പ് ഒമ്പതു ഘട്ടമായി, കേരളത്തില്‍ ഏപ്രില്‍ 10ന്

imageദില്ലി: 16ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒമ്പതു ഘട്ടമായി നടക്കും. ഏപ്രില്‍ ഏഴു മുതല്‍ മെയ് 12 വരെയാകും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്. മെയ് 16നു വോട്ടെണ്ണല്‍ നടക്കും. കേരളത്തില്‍ ഏപ്രില്‍ 10നു തെരഞ്ഞെടുപ്പു നടക്കും.

ഏപ്രില്‍ ഏഴ്, ഒമ്പത്, 10, 12, 17, 24, 30, മെയ് ഏഴ്, മെയ് 12 എന്നീ ദിവസങ്ങളിലാകും തെരഞ്ഞെടുപ്പു നടക്കുക. കേരളത്തില്‍ തെരഞ്ഞെടുപ്പിന് ഇനി 17ദിവസങ്ങള്‍ മാത്രമേയുള്ളൂ. ലക്ഷദ്വീപിലും ഏപ്രില്‍ 10നു തെര‍ഞ്ഞെടുപ്പു നടക്കും. തെരഞ്ഞെടുപ്പു വിജ്ഞാപനം മാര്‍ച്ച് 15നു പുറത്തിറങ്ങും. മാര്‍ച്ച് 22 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 24നു സൂക്ഷ്മ പരിശോധന. 26നു പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.

തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നതായി തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. ജനുവരി ഒന്നിനു പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം രാജ്യത്ത് 81.4 കോടി വോട്ടര്‍മാര്‍ ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 10 കോടി അധികമാണിത്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നതടക്കമുള്ള പരാതികള്‍ കണക്കിലെടുത്ത്, പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഒരു തവണകൂടി അവസരം നല്‍കും. ഇതിനായി എല്ലാ പോളിങ് സ്റ്റേഷനുകളിലും മാര്‍ച്ച് ഒമ്പതിനു ബൂത്ത് ലെവല്‍ ഓഫിസര്‍ സിറ്റിങ് നടത്തും. ബൂത്ത് ലെവല്‍ ഓഫിസറുടെ പക്കലുള്ള വോട്ടര്‍ പട്ടികയില്‍ സമ്മതിദായകര്‍ക്ക് പേരുകള്‍ പരിശോധിക്കുകയുമാകാം.

930000 പോളിങ് സ്റ്റേഷനുകളാണു തെരഞ്ഞെടുപ്പിന് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ 12 ശതമാനം പോളിങ് സ്റ്റേഷനുകള്‍ ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചുതന്നെയായിരിക്കും വോട്ടിങ്. സുപ്രീംകോടതി ഉത്തരവു പ്രകാരം നോട്ട ബട്ടണ്‍ വോട്ടിങ് യന്ത്രത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരിക്കും. ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ലിപ്പും ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരിക്കും. നേരത്തെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഈ രീതി പരീക്ഷിച്ചിരുന്നു. വോട്ടേഴ്സ് സ്ലിപ്പുകള്‍ സമ്മതിദായകരുടെ വീടുകളിലെത്തിക്കും.

സമാധാനപരവും സുരക്ഷിതവുമായും തെരഞ്ഞെടുപ്പു നടത്തുന്നതനുള്ള സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തും. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ പണം ചെലവാക്കുന്നതിനെക്കുറിച്ചു കമ്മിഷന്‍ സൂക്ഷ്മമമായി നിരീക്ഷിക്കും.

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പു തിയതികള്‍

  • ആന്ധ്രാ പ്രദേശ്          – ഏപ്രില്‍ 30, മെയ് ഏഴ്
  • അരുണാചല്‍ പ്രദേശ്    – ഏപ്രില്‍ ഒമ്പത്
  • ആസാം                   – ഏപ്രില്‍ ഏഴ്, 12, 24
  • ബിഹാര്‍                   – ഏപ്രില്‍ 10, 17, 24, 30, മെയ് ഏഴ്, 12
  • ഛത്തിസ്ഗഡ്            – ഏപ്രില്‍ 10, 17, 24
  • ഗോവ                     – ഏപ്രില്‍ 17
  • ഗുജറാത്ത്                 – ഏപ്രില്‍ 30
  • ഹരിയാന                 – ഏപ്രില്‍ 10
  • ഹിമാചല്‍ പ്രദേശ്        – മേയ് 7
  • ജമ്മു കശ്മീര്‍               – ഏപ്രില്‍ 10, 17, 24, 30, മെയ് 7
  • ജാര്‍ഖണ്ഡ്               – ഏപ്രില്‍ 10, 17, 24
  • കര്‍ണാടക               – ഏപ്രില്‍ 17
  • കേരളം                   – ഏപ്രില്‍ 10
  • മധ്യപ്രദേശ്               – ഏപ്രില്‍ 10, 17, 14
  • മഹാരാഷ്ട്ര                 – ഏപ്രില്‍ 10, 17, 24
  • മണിപ്പുര്‍                   – ഏപ്രില്‍ ഒമ്പത്, 17
  • മേഖാലയ                 – ഏപ്രില്‍ ഒമ്പത്
  • നാഗലാന്‍ഡ്             – ഏപ്രില്‍ ഒമ്പത്
  • ഒഡീഷ                    – ഏപ്രില്‍ 10, 17
  • പഞ്ചാബ്                 – ഏപ്രില്‍ 30
  • രാജസ്ഥാന്‍              – ഏപ്രില്‍ 17, 24
  • സിക്കിം                    – ഏപ്രില്‍ 12
  • തമിഴ്നാട്                   – ഏപ്രില്‍ 24
  • ത്രിപുര                    – ഏപ്രില്‍ 7, 24
  • ഉത്തര്‍പ്രദേശ്            – ഏപ്രില്‍ 10, 17, 24, 30, മെയ് 7, 12
  • ഉത്തരഘണ്ഡ്           – മെയ് 7
  • പശ്ചിമബംഗാള്‍          – ഏപ്രില്‍ 17, 24, 30, മെയ് 7, 12
  • ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ – ഏപ്രില്‍ 10
  • ഛണ്ഡിഗഡ്              – ഏപ്രില്‍ 10
  • ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി – ഏപ്രില്‍ 30
  • ദമാന്‍ ആന്‍ഡ് ദിയു      – ഏപ്രില്‍ 30
  • ലക്ഷദ്വീപ്                 – ഏപ്രില്‍ 10
  • ദില്ലി                       – ഏപ്രില്‍ 10
  • പുതുച്ചേരി                  – ഏപ്രില്‍ 24

Leave a comment