കുളിയില്‍ അല്‍പ്പം കാര്യം

37518_Description-Download-Hd-Cute-Baby-Bathing-1600x1200-Wallpapers_1600x1200കളിയല്ല കുളിയെങ്കിലും , കളിയും കുളിയും മനുഷ്യ ജീവിതത്തിലെ രണ്ടു പ്രധാനപെട്ട ഘടകങ്ങള്‍ എന്നതില്‍ സംശയം തെല്ലും ഉണ്ടാകുവാന്‍ തരമില്ല. കളി കായികപരമായി ശരീരത്തെ ബലപ്പെടുത്തുമ്പോള്‍, കുളി കായികവും മാനസികവുമായി ശരീരത്തില്‍ ഉണര്‍വ്വ് ഉണ്ടാക്കുന്നതോടൊപ്പം തന്നെ ശരീര ശുദ്ധിയും പ്രദാനം ചെയ്യുന്നു. ജനനം മുതല്‍ മരണം വരെയും കുളിക്കുള്ള സ്ഥാനം പരമപ്രദാനമാണ് മനുഷ്യ ജീവിതത്തില്‍. ഇന്നത്തെ ‘ദാ പോയീ ദേ വന്നു ‘ എന്ന കുളി സംസ്‌കാരത്തിന് കീഴ്‌പ്പെട്ടു പോയ മനുഷ്യ സമൂഹത്തിന് അന്യമായി പോയതും അല്ലെങ്കില്‍ മനസ്സിലാകാതെ പോകുന്നതും കുളിയുടെ ഈ മഹനീയതയും മാഹാത്മ്യവും തന്നെ.

ജനിച്ചു കഴിയുമ്പോല്‍ വയറ്റാട്ടിയുടെ കൈകളാല്‍ ആരംഭിക്കുന്ന മനുഷ്യന്റെ കുളി (ഇന്നത്തെ അവസ്ഥയില്‍ ആശുപത്രി ജീവനക്കാര്‍ എന്ന് തിരുത്തി വായിക്കുക) മരണത്തിനു ശേഷമുള്ള ആചാരകുളിയോട് കൂടിയേ മനുഷ്യ ശരീരം കുളിയോട് വിട പറയുന്നുള്ളൂ അന്നതാണ് വാസ്തവം. ഹൈന്ദവാചാര പ്രകാരം മരണം സംഭവിച്ചു കഴിഞ്ഞാല്‍ ഭൗതിക ശരീരം ആദരവോടെ കുളിപ്പിച്ച് കഴിഞ്ഞതിനു ശേഷം മാത്രമേ പൊതു ദര്‍ശനത്തിനു വെക്കാറുള്ളൂ എന്നത് തന്നെ കുളിയുടെ മാഹാത്മ്യം എത്രത്തോളം എന്നത് വിളിച്ചോതുന്നു. അതു പോലെ തന്നെ . ഏതു പുണ്ണ്യ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതിനു മുന്പും കുളി അനിവാര്യം എന്നത് പോലെ തന്നെ പാപ മുക്തിക്കും കുളി തന്നെ ശാസ്ത്രങ്ങളില്‍ അനുശാസിക്കുന്നു. അതു പോലെ തന്നെ വളരെ പ്രദാനപ്പെട്ടൊരു പഴയകാല കുളിയായിരുന്നു ഇന്നത്തെ യുവതലമുറക്ക് അന്യമായി പോയ അല്ലെങ്കില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ‘തീണ്ടാരി കുളി’. ഏകദേശം പത്തു മുപ്പതു വര്‍ഷം മുന്‍പ് വരെ നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്ന ഒരു ആചാരമായിരുന്നു ഈ ‘തീണ്ടാരി കുളി’. ആദ്യമായി പെണ്‍കുട്ടികള്‍ ഋതുമതി (സ്ത്രീരജസ്സ്) ആയതിനു ശേഷം നിശ്ചിത ദിവസങ്ങള്‍ക്കു ശേഷം വേണ്ടപ്പെട്ടവരും മറ്റും ചേര്‍ന്ന് പെണ്‍കുട്ടിയെ ഒഴുക്കുള്ള ശുദ്ധമായ ജലാശയത്തില്‍ എത്തിച്ച് വിധിയാം വണ്ണം കസ്തൂരി മഞ്ഞള്‍, ചറൂപയര്‍ പൊടി തുടങ്ങിയവ തേച്ചു കുളിപ്പിച്ച് വസ്ത്രം കഴുകി തിരികെ ആനയിച്ചു കൊണ്ടു വന്നിരുന്ന ചടങ്ങിനെയാണ് ഒരു കാലത്ത് തീണ്ടാരി കുളി എന്നറിയപ്പെട്ടിരുന്നത്. അവിടെ പോലും കുളിയുടെ പ്രാദാന്യം സ്തുത്യര്‍ഹമാണ് .

നമ്മുടെ മലയാളി മങ്കമാരുടെ തനതായൊരു ആഘോഷമാണ് ധനു മാസത്തിലെ തിരുവാതിര കുളി. കുടുംബത്തിന്റെ ശ്രേയസ്സിനും , ഭര്‍ത്താവിന്റെയും കുട്ടികളുടെയും ദീര്‍ഘായുസ്സിനും വേണ്ടിയാണ് എന്നാണ് സങ്കല്‍പ്പം. കന്യകമാര്‍ തിരുവാതിര നോറ്റു കുളിക്കുന്നത് സല്‍സ്വാഭാവിയായ ഭര്‍ത്താവിനെ ലഭിക്കും എന്ന വിശ്വാസത്തില്‍ ആണ് പോലും. ആയതിനുള്ള ഐതീഹ്യം ഇങ്ങനെ….ശ്രീ പാര്‍വ്വതി ദേവിയുടെ ഭക്തയായ ഒരു കന്യകയ്ക്ക് വിവാഹനാളില്‍ വൈധവ്യം സംഭവിച്ചു. ഇതില്‍ മനംനൊന്ത പാര്‍വ്വതി പരമശിവനോട് സങ്കടം ഉണര്‍ത്തിച്ചതിന്റെ ഫലമായി കന്യകയുടെ ഭര്‍ത്താവിന് പുനര്‍ജ്ജീവന്‍ നല്‍കി സുമംഗലിയാക്കി തീര്‍ത്തു. ഈ സന്തോഷം പങ്കുവയ്ക്കാന്‍ പാര്‍വ്വതിയും തോഴിമാരും ആ കന്യകയോടൊപ്പം ശിവന്റെ പിറന്നാള്‍ ദിവസമായ ധനുവിലെ തിരുവാതിര ദിവസം ആടിപ്പാടി എന്നതാണ്. ഐതീഹ്യം എന്തു തന്നെയായാലും ഇവിടെയും കുളിയുടെ മാഹാല്‍മ്യം നിറഞ്ഞു നില്‍ക്കുന്നു..

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യതിനായുള്ള വിധിപ്രകാരമുള്ള എണ്ണ തേച്ചു കുളി പോലെ തന്നെ പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്കും പണ്ടൊക്കെ മുത്തശ്ശിമാര്‍ ഏഴു ..പതിനാലു…ഇരുപത്തി ഒന്ന് എന്നീ ദിവസം വരെയുള്ള കുളികള്‍ നിര്‍ദ്ദേശിച്ചിരുന്നതായി കാണപ്പെടുന്നു. നല്ല കുഴമ്പുകള്‍ ചെറു ചൂടോടെ ശരീരമാസകലം നന്നായി തേച്ചു പിടിപ്പിച്ച് , ഇഞ്ച , മഞ്ഞള്‍ , പുല്ലാണി , വാതകൊല്ലി, ആവണക്ക് തുടങ്ങിയ പച്ചമരുന്നുകള്‍ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ഉള്ള കുളിയാണ് സാദാരണയായി പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നത് . ഇതും കുളിയുടെ മറ്റൊരു മഹത്തായ രൂപം.

കുളി മനുഷ്യ രാശിക്കു തന്നെ അനിവാര്യവും അഭികാമ്യവും ആണെങ്കിലും നാം മലയാളികളെ സംഭന്ധിച്ചിടത്തോളം നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് ശരി. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് ഇരു ചെവികളിലേക്കും രണ്ടു തുള്ളി വീതം ശുദ്ധമായ എണ്ണ ഒറ്റിച്ച് ശരീരമാസകലം എണ്ണ തടവി പിടിപ്പിച്ചതിനു ശേഷം ശുദ്ധമായ ജലാശയങ്ങളില്‍ മുങ്ങി കിളിക്കുന്നതാണ് കുളികളില്‍ വച്ചേറ്റവും ശ്രേഷ്ഠം എന്നു പറയപ്പെടുന്നു. നന്നായി മുങ്ങിയതിനു ശേഷം മുതുകില്‍ നിന്ന് വേണം തോര്‍ത്തി ശരീരത്തിലെ ജലാംശം തുടച്ചു മാറ്റുന്ന പ്രക്രിയ ആരംഭിക്കേണ്ടത് . തുടര്‍ന്ന് മുഖത്തും ,ശിരസ്സും എന്നീ ക്രമത്തില്‍ വേണം മറ്റു സമസ്ത ഭാഗങ്ങളേയും തുടച്ചു വൃത്തിയാക്കുവാന്‍ എന്നാണു പഴമക്കാര്‍ പറയുന്നത്. പണ്ടുള്ളവര്‍ പിന്‍തുടര്‍ന്ന് പോന്നിരുന്നതും ഈ രീതികള്‍ തന്നെയാണത്രേ.

ഒരു യഥാര്‍ത്ഥ കുളിക്ക് ശരീരശുദ്ധി വരുത്തന്നതോടു കൂടി തന്നെ ശരീരോഷ്മാവ് സ്ഥായിയായി നിലനിര്‍ത്തുവാനും സാദിക്കുന്നു. നന്നായി എണ്ണ തടവിയുള്ള കുളിക്ക് വ്യാദികളെ പോലും ഒരു പരിധി വരെ തടയുവാന്‍ കഴിയും എന്നാണു ആയുര്‍വ്വേദത്തില്‍ പരാമര്‍ശിച്ചു കാണുന്നത്. ധന്വന്തരം കുഴമ്പ് അല്ലെങ്കില്‍ ധന്വന്തരം തൈലം , ബലശ്വഗന്താദി കുഴമ്പ് അല്ലെങ്കില്‍ ബലശ്വഗന്താദി തൈലം തുടങ്ങിയവയില്‍ ഏതെങ്കിലും മുതിര്‍ന്നവരും , ലാക്ഷാദി വെളിച്ചെണ്ണയോ ചെമ്പരുത്യാദി വെളിച്ചെണ്ണയോ തേച്ചു കുട്ടികള്‍ക്കും നന്നായി തടവി പിടിപ്പിച്ചതിനു ശേഷം കുളിക്കാവുന്നതാണ് . നല്ല ശുദ്ധമായ ഒഴുക്കുള്ള ജലാശയത്തില്‍ ഇറങ്ങി നീന്തി മുങ്ങി കുളിക്കുന്നത് നമ്മുടെ ശരീരത്തിന് നാം നല്‍കുന്ന പകരമില്ലാത്ത വ്യായാമം തന്നെ ആയിരിക്കും എന്നതില്‍ തെല്ലും സംശയിക്കേണ്ടതില്ല . പ്രകൃതി ചികിത്സയില്‍ പോലും കുളിക്ക് പരമപ്രദാനമയൊരു സ്ഥാനമുണ്ട് എന്നാണു കാണുവാന്‍ സാദിക്കുന്നത് . ഉദര രോഗങ്ങള്‍ക്കും, മുട്ടു വേദന, നാട് വേദന തുടങ്ങിയ വ്യാദികള്‍ക്ക് പ്രകൃതി ചികിത്സയില്‍ പ്രത്യേകം പ്രത്യേകം കുളികള്‍ തന്നെ നിര്‍ദ്ദേശിക്കുന്നതായി കാണുന്നു. അത് പോലെ തന്നെ ശുദ്ധമായ മണ്ണ് ശരീരമാസകലം പൊത്തി ത്വക്ക് രോഗങ്ങള്‍ക്കുള്ള കുളിയും കുളിയുടെ വ്യത്യസ്തങ്ങളായ രൂപങ്ങള്‍ മാത്രം.

ഭാരതീയ ശാത്രരീതി പ്രകാരം കുളിക്ക് പല വിധികള്‍ നിര്‍ണ്ണയിചിട്ടുള്ളതായി കാണപ്പെടുന്നു. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് വിധി പ്രകാരം കുളിച്ച് ഈറനുടുത്തു ഇഷ്ട ദേവഗണങ്ങളെ തൊഴുതു വണങ്ങി കൊണ്ടാണ് ഭാരതീയരുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ. ഇന്നത്തെ കാര്യം മറിച്ചായിരിക്കാം. ഒഴുക്കുള്ള പുഴ , വെള്ളച്ചാട്ടം, ആഴമുള്ള കുളം തുടങ്ങിയ ശുദ്ധമായ ജലസ്രോതസ്സുകളാണ് കുളിക്കായി തിരഞ്ഞെടുക്കെണ്ടതെന്ന് ശാസ്ത്രം നിഷ്‌കര്‍ക്കുന്നു. ഭക്ഷണശേഷമുള്ള കുളി ശാസ്ത്ര വിധിപ്രകാരം നിഷിദ്ധമാണ് . അതു സമയമേറെ എടുത്ത് വിസ്തരിച്ച് ആസ്വദിച്ചു കുളിക്കുക എന്നതാണ് മറ്റൊരു ശാസ്ത്ര വിധി. എന്താണ് എത്രയും വിസ്തരിച്ചുള്ള കുളിയെന്ന് ഇന്നത്തെ പരിഷ്‌കൃത സമൂഹം സ്വാഭാവികമായും ചിന്തിച്ചേക്കാം . ഒരു നല്ല കുളിയിലൂടെ ശരീരത്തിനു ലഭിക്കുന്നത് കുളിര്‍മ മാത്രമല്ല….മറിച്ച് ആരോഗ്യപുഷ്ടി , ഐശ്വര്യം , ഭാവശുദ്ധി, നൈര്‍മല്യം തുടങ്ങിയ ഗുണ ഗാണങ്ങള്‍ കൂടി ലഭ്യമാകുന്നു എന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കുളിയുടെ മറ്റു വശങ്ങളെ പോലെ തന്നെ എവിടെ എങ്ങനെ കുളിക്കണം എന്നും ശാസ്ത്രത്തില്‍ കൃത്യമായി പ്രതിപാതിക്കുന്നു. അതില്‍ പ്രദാനമാണ് പടിഞ്ഞാറിനഭിമുഖമായി നിന്ന് കുളിക്കരുതെന്ന വിശ്വാസം. ഭൂമിയുടെ പ്രദക്ഷിണ ഫലമായി കിഴക്ക് നിന്നും പടിഞ്ഞാറോട്ട് സൂര്യന്‍ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഒപ്പം തന്നെ മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും . അവയില്‍ നിന്നും പ്രസരിക്കുന്ന കാന്തികശക്തി മേല്‍ വിവരിച്ചതു പ്രകാരം പടിഞ്ഞാറിനഭിമുഖമായി നിന്നു കുളിക്കുന്ന പക്ഷം ആയതു മുതുകിലായിരിക്കും ആദ്യം പതുക്കുക. കിഴക്കോട്ടു തിരിഞ്ഞു നിന്നു കുളിക്കുന്ന പക്ഷം ഈ കാന്തികശക്തിയുടെ പ്രസരമേല്‍ക്കുന്നത് ഹൃദയം സ്ഥിതി ചെയ്യുന്ന മുന്നിലായിരിക്കും എന്നതാണ് പ്രദാന കാരണം.

കുളിയുടെ പ്രാധാന്യത്തെ പറ്റിയും മഹാല്‍മ്യത്തെ പറ്റിയും നമ്മെ അത്ഭുതപ്പെടുത്തുന്ന ഇനിയും ഒട്ടനവദി വസ്തുതകള്‍ ശാസ്ത്രത്തിന്റെ താളുകളില്‍ കാണുവാന്‍ എന്നതില്‍ തര്‍ക്കമില്ല. പക്ഷെ നമ്മുടെ പുതു തലമുറയ്ക്ക് കുളിയുടെ ഈ മഹത്തരങ്ങളെല്ലാം അന്യമായിരിക്കുന്നു. നിത്യ ജീവിതത്തിലെ തിരക്കുകള്‍ കുളിയെ പോലും വെറുക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നു എന്നതാണ് വാസ്തവം. അനിവാര്യമായ കുളിമുറികളിലെ വഴിപാടു കുളികള്‍ പലപ്പോഴും ശരീരത്തിന് സമ്മാനിക്കുന്നതാകട്ടെ അനാരോഗ്യത്തെ ആണെന്നും ആരും തിരിച്ചറിയുന്നില്ല. കാലം മാരിയതൊദു കൂടി തണുത്ത വെള്ളത്തില്‍ നിന്നും കുളി ചൂടു വെള്ളത്തിലേക്ക് പറിച്ചു നടപ്പെട്ടിരിക്കുന്നു. ഫലമോ രോഗങ്ങളും വ്യാദികളും ശരീരത്തില്‍ നിര്‍ല്ലോഭം കുമിഞ്ഞു കൂടുന്നു. തണുത്ത വെള്ളത്തിലെ കുളി രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുമ്പോള്‍ ചൂടു വെള്ളത്തിലെ കുളി നമ്മുടെ മുടിയുടെ കെരാറ്റിന്‍ നശിപ്പിച്ച് മുടിയുടെ ബലക്ഷയത്തിനു കാരണമായീ ഭാവിക്കുന്നു. തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍ ചൂടിനായി ശരീരം സ്വയം ശ്രമിക്കുകയും ആയതിനുള്ള ഊര്‍ജ്ജത്തിനായി ശരീരത്തിലെ അടിഞ്ഞു കൂടിയ കൊഴുപ്പും കാര്‍ബോഹൈഡ്രെട്ടും കൂടുതലായി ഉപയോഗപ്പെടുത്തും . അങ്ങനെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ അടിഞ്ഞു കൂടാതെ നോക്കുകയും ചെയ്യുന്നു.അത് പോലെ തന്നെ മസിലുകള്‍ക്കും, കിഡനിക്കും , ശരീര വേദനക്കും എന്തിനദികം നല്ല ഉറക്കത്തിനു പോലും തണുത്ത വെള്ളത്തില്‍ കുളി സഹായിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

കളിയല്ല കുളിയെന്ന് കൂട്ടരെ അറിവിന്റെ കൂട്ടത്തില്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടുന്ന കാലം തൈക്രമിചിരിക്കുന്നു. കുളിയെ കളിയായി കാണാതെ കുളിക്കുവാനായി കുളിക്കാന്‍ നമുക്ക് പഠിക്കാം… നമുക്ക് ശ്രമിക്കം.

Leave a comment