ഇമെയില്‍ ചോര്‍ത്തല്‍ വിവാദം: മുഖ്യപ്രതി എസ്.ഐ ബിജു സലിമിനെ പുറത്താക്കുന്നു

imageതിരുവനന്തപുരം: കോളിളക്കമുണ്ടാക്കിയ ഇ മെയില്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട്, കേസിലെ മുഖ്യ പ്രതി എസ്ഐ ബിജു സലീമിനെ പിരിച്ചു വിടുന്നു. പിരിച്ചുവിടാതിരിക്കുന്നതിനുള്ള കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജു സലീമിന് ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ പൊലീസ് ആസ്ഥാനത്തുനിന്ന് ചോര്‍ത്തി മാധ്യമങ്ങള്‍ള്‍ക്ക് നല്‍കി എന്ന കുറ്റം ആരോപിച്ചാണ് നടപടി. ബിജു സലിം കാണിച്ചത് ഗുരുതരമായ അച്ചടക്കലംഘനമെന്ന് ഇക്കാര്യം അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംസ്ഥാനത്തെ മുസ്ലിം സമുദായത്തില്‍ പെട്ട മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹ്യ, രാഷ്ട്രീയ, മത, സാമുദായിക സംഘടനകളില്‍ പെട്ടവര്‍ അടക്കമുള്ളവരുടെയും ഇ മെയില്‍ ചോര്‍ത്താന്‍ കേരള പൊലീസ് ശ്രമിച്ചുവെന്ന് മാധ്യമം ആഴ്ചപ്പതിപ്പ് റിപ്പോര്‍ട്ട് ചെയ്തത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ വിജു വി നായരാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇ മെയില്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ നിര്‍ദ്ദേശവും ചോര്‍ത്താന്‍ ഉദ്ദേശിക്കുന്നവരുടെ പേരുവിവരങ്ങളും അടക്കമായിരുന്നു റിപ്പോര്‍ട്ട്. സംഭവം വന്‍വിവാദമായതോടെ സര്‍ക്കാര്‍ ഇത് നിഷേധിച്ചു.

നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുള്ളവരം രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരും അടക്കമുള്ള ചിലരെ കുറിച്ച് അന്വേഷിക്കാനായിരുന്നു ഉത്തരവെന്നും ഒരു സമുദായത്തെ തിരഞ്ഞു പിടിക്കുകയായിരുന്നില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇതോടൊപ്പം വാര്‍ത്ത എഴുതിയ ലേഖകനും മാധ്യമ സ്ഥാപനത്തിനും എതിരെ കേസ് എടുക്കാനും സര്‍ക്കാര്‍ തയ്യാറായി. ഇതോടൊപ്പമാണ്, ഹൈ ടെക് പൊലീസ് ആസ്ഥാനത്തു നിന്ന് ഈ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് എസ്.ഐ ആയിരുന്ന ബിജു സലിമിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് എടുത്തത്.

സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടക്കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജു സലിമിനെ പൊലീസ് സേനയില്‍നിന്ന് പുറത്താക്കാനുള്ള നടപടി. അതീവ രഹസ്യമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി, മത സ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ ബിജു സലിം ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം ഒരാള്‍ സേനയില്‍ തുടരുന്നത് അനുവദിക്കരുതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

ഇ മെയില്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നടന്നു വരികയാണ്. ഇതിനിടയിലാണ് പുതിയ നടപടി. നേരത്തെ, പൊലീസ് ആസ്ഥാനത്തു നിന്ന് ചോര്‍ത്തിയ രേഖകളില്‍ ബിജു സലിം കൃത്രിമം നടത്തിയതായും നിരീക്ഷണ പട്ടികയിലെ മുസ്ലിംകള്‍ അല്ലാത്തവരുടെ പേരു വിവരം ബോധപൂര്‍വം ഒഴിവാക്കിയതായും സര്‍ക്കാറും പൊലീസും ആരോപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം ഇപ്പോള്‍ പറയുന്നില്ല.

Leave a comment