കെജ്രിവാളിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തശേഷം വിട്ടയച്ചു

image (1)അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മുന്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തശേഷം വിട്ടയച്ചു. വടക്കന്‍ ഗുജറാത്തിലെ രഗന്‍പൂരിലാണ് സംഭവം. പ്രചാരണ പരിപാടിയുടെ ഭാഗമായി ഭുജിലേക്ക് റോഡ് ഷോ നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. ഇതിന് അനുമതി ഇല്ലെന്നു പറഞ്ഞാണ് പൊലീസ് കെജ്രിവാളിനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ഇദ്ദേഹത്തെ പൊലീസ് വിട്ടയച്ചു.

പൊലീസ് സ്റ്റേഷനു പുറത്തു വന്നശേഷം കെജ്രിവാള്‍ മാധ്യമപ്രവര്‍ത്തകരോടും അനുയായികളോടുമായി സംസാരിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതായും പരിപാടി തടസ്സപ്പെടുത്താന്‍ പൊലീസ് ബോധപൂര്‍വ്വം ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

കെജ്രിവാള്‍ എത്തിയ ഉടന്‍ തന്നെ കരിങ്കൊടിയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസ് ഏജന്റാണ് കെജ്രിവാള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ഇവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. ഇതിനിടെ ആയിരുന്നു പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തത്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിന് നാലുദിവസത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കെജ്രിവാള്‍ എത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദിയുടെ ഭരണത്തെ സ്വയം ഓഡിറ്റ് ചെയ്ത് സത്യാവസ്ഥ പുറത്തു കൊണ്ടുവരികയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

മോദിക്കെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. നരേന്ദ്ര മോദി പ്രചരിപ്പിക്കുന്ന വികസന മുദ്രാവാക്യങ്ങള്‍ പൊള്ളയാണെന്നും ഗുജറാത്തിലെ സാധാരണക്കാര്‍ ദുരിതത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആരുടെ വികസനമാണ് മോദി നടപ്പാക്കുന്നതെന്നും കെജ്രിവാള്‍ ചോദിച്ചിരുന്നു

Leave a comment