കടല്‍ക്കൊല: സുവ ഒഴിവാക്കി,എന്‍ഐഎയ്ക്ക് കുറ്റപത്രം നല്‍കാനാവില്ലെന്ന് ഇറ്റലി

italian-mariensന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കുമേല്‍ ചുമത്തിയ സുവ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുവ നിയമം ഒഴിവാക്കിയതിനെ കേരളം എതിര്‍ത്തു. സുവ ഇല്ലാതായ സാഹചര്യത്തില്‍ എന്‍ഐഎയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കാനാവില്ലെന്ന് ഇറ്റലി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇറ്റലിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും വാദം സുപ്രീംകോടതി കേള്‍ക്കും.

സുവ ഒഴിവാക്കിയതിനാല്‍ കേസില്‍ എന്‍ഐഎയ്ക്ക് അന്വേഷണം നടത്താനാവില്ലെന്ന വാദം എന്ത് അടിസ്ഥാനത്തിലാണെന്ന് ഇറ്റലി അപേക്ഷയില്‍ വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ എന്‍ഐഎ അന്വേഷണം നട്ത്തുന്നതിന് തടസ്സമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. അതേസമയം നാവികര്‍ക്കെതിരെ സുവ നിയമം ഒഴിവാക്കുന്നതിനെ കേരളം എതിര്‍ത്തു. കേസ് രജിസ്റ്റര്‍ ചെയ്തതും പ്രതികളെ അറസ്റ്റ് ചെയ്തതും കേരളാ പൊലീസാണെന്നും പിന്നീടാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്നും സംസ്ഥാനത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ സംസ്ഥാനത്തിന്റെ വാദമടക്കമുള്ള കാര്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്.

ഭീകര വിരുദ്ധ നിയമമായ സുവയില്ലാതെ എന്‍ഐഎയ്ക്ക് കേസ് അന്വേഷിക്കാന്‍ കഴിയില്ല. ഭീകരവിരുദ്ധ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങള്‍ അന്വേഷിക്കാനാകില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിനും ബോട്ട് തകര്‍ത്തതിന് മറ്റ് വകുപ്പുകളുമാണ് നാവികര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Leave a comment